മേഖലയില്‍ എങ്ങനെ ഇടപെടണമെന്ന് ഇറാനെ ആരും പഠിപ്പിക്കേണ്ട: ഖാംനയീ
തെഹ്റാന്: മിഡിലീസ്റ്റ് രാജ്യങ്ങളില്‍ എങ്ങനെ ഇടപെടണമെന്നും എന്തൊക്കെ ചെയ്യണമെന്നും ഇറാനെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീ വ്യക്തമാക്കി. സിറിയയില്‍ ഉള്‍പ്പെടെ മേഖലയിലെ ഇറാന്റെ ഇടപെടലുകളെ വിമര്‍ശിച്ച് ഫ്രഞ്ച് വിദേശ കാര്യമന്ത്രി നടത്തിയ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ആത്മീയ നേതാവിന്റെ പരാമര്‍ശം.
'യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടെ വന്ന് ഇറാന്റെ മേഖലയിലെ ഇടപെടലുകളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറയുന്നു. അത് നിങ്ങളുടെ കാര്യമല്ല, ഇത് ഞങ്ങളുടെ പ്രദേശമാണ്. നിങ്ങള്‍ക്കിവിടെ എന്താണു കാര്യം?'- ഖാംനയീ ചോദിച്ചു.
മേഖലയിലെ ഇറാന്റെ ഇടപെടലുകളെ കുറിച്ച് പുറത്തുനിന്നുള്ള ആരുമായും തങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മേഖലയിലെ രാജ്യങ്ങളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കും വിമത സൈനികര്‍ക്കുമെതിരേ സിറിയയിലെ ബശ്ശാറുല്‍ അസദിനെ സഹായിക്കുന്നതിനായി ഇറാന് സൈനികമായി ഇടപെടുന്നതിനെ വിമര്‍ശിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമേരിക്കന്‍ സൈനിക സാന്നിധ്യത്തെയും ഖാംനയീ ചോദ്യം ചെയ്തു. മിഡിലീസ്റ്റില്‍ സജീവമായി ഇടപെടാന്‍ ഇറാന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയ്ക്കു പുറമെ, ഇറാഖിനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയില്‍ നിന്ന് മുക്തമാക്കുന്നതിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഇറാന് സൈന്യം സഹകരിച്ചതും അമേരിക്കയുടെ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. അതിനിടെ, അഫ്ഗാനിലെ താലിബാന് ഭീഷണി നേരിടുന്നതിന് ഇടപെടാമെന്ന് ഇറാന് പ്രതിരോധ മന്ത്രി ആമിര്‍ ഹാത്തമി കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
അതേസമയം, ഇറാന്റെ സൈന്യവും ആയുധങ്ങളും ഒരു രാജ്യത്തിനും ഭീഷണിയാവില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി വ്യക്തമാക്കി. 'ഇറാന്റെ ആയുധങ്ങള്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും തങ്ങളുടെ രാജ്യത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയുള്ളതാണ്. ഇറാന്റെ ആയുധങ്ങളും മിസൈലുകളും കണ്ട് ആരും ഭയപ്പെടേണ്ടതില്ല'- അദ്ദേഹം പറഞ്ഞു.