ആണവ സമ്പുഷ്ടീകരണത്തിനൊരുങ്ങി ഇറാന്; ആണവ ഏജന്‍സിയെ അറിയിക്കും, മുന്നോട്ടെന്ന് ഖമേനി
തെഹ്റാന്: അന്താരാഷ്ട്ര ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാനെതിരായ ഉപരോധം പുനരാരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ആണവ സമ്പുഷ്ടീകരണ പ്രക്രിയ വീണ്ടും തുടങ്ങാന്‍ ഇറാന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ ഉടന്‍ അറിയിക്കുമെന്ന് രാജ്യത്തെ ആണവോര്‍ജ ഏജന്‍സി വക്താവ് ബെഹ്റൂസ് കമാല്‍വന്ദി അറിയിച്ചു. യുറേനിയം ഹെക്സാഫ്ളൂറൈഡ് (യുഎഫ്-6) ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളാണ് ഇറാന് ഇപ്പോള്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം ഇസ്ന വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനാവശ്യമായ സെന്‍ട്രിഫ്യൂജുകള്‍ നിര്‍മിക്കാനുള്ള ശേഷി ഇറാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. സെന്‍ട്രിഫ്യൂജുകളില്‍ ഉപയോഗിക്കുന്ന അസംസ്കൃത യുറേനിയമാണ് യുഎഫ്-6.
ആവശ്യമായി വരികയാണെങ്കില്‍ സമ്പുഷ്ട യുറേനിയം നിര്‍മാണവുമായി മുന്നോട്ടുപോവാനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇറാന് ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയി ആണവോര്‍ജ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. അതേസമയം, അന്താരാഷ്ട്ര ആണവ കരാറിന്റെ പരിധിയില്‍ നിന്നു കൊണ്ടുള്ള ആണവ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇറാന് നടത്താന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇറാന് ഉപരോധം നേരിടുകയും ആണവ ശക്തിയെന്ന നിലയില്‍ പിറകിലാവുകയും ചെയ്യുന്ന അവസ്ഥ നടപ്പില്ലെന്ന് ഖാംനയീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരാറില്‍ നിന്ന് പിന്മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചെങ്കിലും കരാര്‍ തുടരുമെന്ന നിലപാടിലാണ് കരാറില്‍ ഒപ്പുവച്ച മറ്റു രാജ്യങ്ങള്‍. എന്നാല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഇടപെടല്‍ എന്നിവയില്‍ നിയന്ത്രണം വേണമെന്ന നിലപാടിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന് ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്ന് ഇറാന് വ്യക്തമാക്കിയിട്ടുമുണ്ട്. തങ്ങളുടെ പ്രതിരോധത്തിന്റെയും സുരക്ഷയുടെയും ഭാഗമാണ് മിസൈല്‍ സംവിധാനമെന്നതാണ് ഇറാന്റെ നിലപാട്. ഇറാനെ ഒരു വട്ടം ആക്രമിച്ചാല്‍ പതിന്മടങ്ങ് ശക്തിയില്‍ തിരിച്ചടി നല്‍കുമെന്ന് രാജ്യത്തിന്റെ ശത്രുക്കള്‍ മനസ്സിലാക്കണമെന്നും ഖാംനയീ മുന്നറിയിപ്പ് നല്കുകയുണ്ടായി.