പശ്ചിമേഷ്യ മുൾമുനയിൽ; ഇസ്രയേലും യുഎസ് സൈനിക ആസ്ഥാനങ്ങളും ലക്ഷ്യമെന്ന് ഇറാന്റെ ഭീഷണി
ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളി പടരുന്നതിനിടെ അമേരിക്കക്ക് ഭീഷണിയുമായി ഇറാൻ. തങ്ങൾക്കുനേരെയുള്ള ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലും മേഖലയിലെ യുഎസ് സൈനിക ആസ്ഥാനങ്ങളുമാകും ലക്ഷ്യമിടുകയെന്നും സ്പീക്കർ മുഹമ്മദ് ബക്വർ ഖാലിബാഫ് പാർലമെന്റിൽ പറഞ്ഞു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ ഖാലിബ.
അതേസമയം, മുൻപെങ്ങുമില്ലാത്തവിധം ഇറാൻ സ്വാതന്ത്ര്യത്തിന് അടുത്തുനിൽക്കുകയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. ട്രംപിനോട് കളിക്കാൻ നിൽക്കരുതെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇറാന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ട്രംപ് എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞാൽ അതിനർഥം അദ്ദേഹമത് ഉദ്ദേശിക്കുന്നുണ്ടെന്നാണെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു. ഇറാനിൽ ഇതുവരെ 2,600ൽ അധികം ജനങ്ങളെ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് ഇറാനിൽ ഇപ്പോൾ സർക്കാരിനെതിരെ സംഭവിക്കുന്നത്. പ്രക്ഷോഭത്തിൽ ഇതുവരെ 21 പൊലീസുകാർ അടക്കം 72 പേർ കൊല്ലപ്പെട്ടെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്ക്. എന്നാൽ 200ന് മുകളിൽ മരണസംഖ്യ എത്തിയെന്നും വിവരങ്ങൾ വരുന്നു. പൊലീസ് മർദനത്തിൽ തല തകർന്നും കൈകാലുകൾ ഒടിഞ്ഞും നൂറുകണക്കിനാളുകൾ വിവിധ നഗരങ്ങളിൽ ആശുപത്രികളിലെത്തുന്നുണ്ട്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധയിടങ്ങളിൽ 22 കെട്ടിടങ്ങൾക്കു പ്രക്ഷോഭകാരികൾ തീയിട്ടു. ഇന്റർനെറ്റ് നിരോധനത്തിനു പുറമേ രാജ്യാന്തര മാധ്യമങ്ങൾക്കും വിലക്കുണ്ട്.
ഇറാനിൽ യുഎസിന്റെ സൈനിക ഇടപെടൽ ഉണ്ടാകാനുള്ള സാധ്യത വർധിച്ചതോടെ ഇസ്രയേലും അതീവ ജാഗ്രതയിലാണ്. യുഎസ് ഇറാനെ ആക്രമിച്ചാൽ, ഇറാൻ ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തിയേക്കുമെന്നാണ് കരുതുന്നത്. അതിനിടെ, ഇറാനിലെ സംഭവങ്ങളില്‍ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ചു. അസ്വസ്ഥത ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്താന്‍ 'ലോകത്തെവിടെയുമുള്ള അവകാശമുണ്ട്, ആ അവകാശം സംരക്ഷിക്കാനും ഉറപ്പാക്കാനും സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു












Click it and Unblock the Notifications