ഡോണാൾഡ് ട്രംപിനെ ബന്ദിയാക്കി എത്തിക്കും; ഭീഷണിയുമായി ഇറാൻ
ഇറാനിലെ ജനകീയ പ്രക്ഷോഭരെ ആക്രമിച്ചാൽ അമേരിക്ക ഇടപെടുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ട്രംപിനെ ബന്ദിയാക്കുമെന്ന ഭീഷണിയുമായി ഇറാൻ. ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ ഹസ്സൻ റഹിംപൂർ അസ്ഗാദി ആണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. വെനിസ്വേലയുടെ മുൻ നേതാവ് നിക്കോളാസ് മഡുറോയോട് പെരുമാറിയ അതേ രീതിയിൽ തന്നെ ഇറാൻ ട്രംപിനോടും പെരുമാറുമെന്നും, വേണ്ടിവന്നാൽ ട്രംപിനെ ബന്ദിയാക്കി ഇറാനിലെത്തിക്കുമെന്നുമാണ് ഭീഷണി.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അഹങ്കാരത്തിന് മറുപടി ലഭിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പറഞ്ഞിരുന്നു. ട്രംപ് ലോകം മുഴുവൻ തന്റെ അഹങ്കാരം കാണിക്കുകയാണ്. ഇത്തരത്തിലുള്ള അഹങ്കാരികളായ നേതാക്കൾക്ക് ആഴത്തിലുള്ള വീഴ്ച ഉണ്ടാകും. സ്വേച്ഛാധിപതികളെയും അഹങ്കാരികളായ ഭരണാധികാരികളെയും അവരുടെ അധികാരത്തിന്റെ ഉന്നതിയിലായിരുന്നപ്പോൾ തന്നെ താഴെയിറക്കിയതായാണ് ചരിത്രത്തിലൂടനീളം നമുക്ക് കാണാൻ കഴിയുക. ട്രംപിനും ഇതേ രീതിയിൽ കനത്ത ശിക്ഷ നേരിടേണ്ടി വരും. ആ പതനം അനിവാര്യമാണ് എന്നും ഖമേനി സൂചിപ്പിച്ചു.

സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാനിലെ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കണമെന്നും അധികാരികൾ വെടിയുതിർത്താൻ അമേരിക്ക തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇറാൻ ഭരണകൂടത്തെ ഓർമ്മിപ്പിച്ച ട്രംപ്, മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂണിലെ ഇസ്രയേൽ-യുഎസ് ആക്രമണങ്ങളും ഇറാന്റെ ആണവ പദ്ധതിമൂലമുള്ള ഉപരോധവുമാണു സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത്. പിന്നാലെ ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഡിസംബർ 28-ന് ഇറാനിൽ ജനകീയ പ്രക്ഷോഭം തുടങ്ങിയത്. ഇത് ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി പരിണമിച്ചു. ഇതുവരെ 60തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭങ്ങൾ ശക്തമായതോടെ വ്യാഴാഴ്ച രാത്രി മുതൽ ഇറാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചു. അന്താരാഷ്ട്ര ടെലിഫോൺ ലൈനുകളും ലഭ്യമാകുന്നില്ലെന്നാണ് വിവരം. ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെല്ലാം എംബസിയിൽ റജിസ്റ്റർ ചെയ്യാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications