1000 സ്‌ക്വയര്‍ ഫീറ്റ് കൃഷി ഭൂമി സമ്മാനം, സല്‍മാന്‍ റുഷ്ദിയെ കുത്തിയ അക്രമിയെ അഭിനന്ദിച്ച് ഇറാനിയന്‍ സംഘടന
റുഷ്ദിയുടെ നോവൽ വായിച്ചുവെന്നും അയാൾ ഇസ്ലാമിനെ ആക്രമിച്ച ആളാണ് എന്നുമാണ് അക്രമിയായ ഹാദി മതർ പറഞ്ഞത്.

ദുബായ്: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തിയ അക്രമിയെ അഭിനന്ദിച്ച് ഇറാനിയന്‍ സംഘടന. അക്രമിയായ യുവാവിന് 1000 സ്‌ക്വയര്‍ ഫീറ്റ് കൃഷി ഭൂമി സമ്മാനമായി നല്‍കുമെന്ന് സംഘടന പ്രഖ്യാപിച്ചിരിക്കുന്നതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എഴുപത്തിയഞ്ചുകാരനായ സല്‍മാന്‍ റുഷ്ദി പൊതുവേദിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.
ന്യൂ ജേഴ്‌സിയില്‍ ഒരു സാഹിത്യപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സ്റ്റേജില്‍ വെച്ച് റുഷ്ദി ആക്രമിക്കപ്പെട്ടത്. സ്റ്റേജിലേക്ക് ഓടിക്കയറി വന്ന 24കാരനായ ഹാദി മതര്‍ എന്ന യുവാവ് കത്തി ഉപയോഗിച്ച് റുഷ്ദിയെ തുടരെ തുടരെ കുത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ സല്‍മാന്‍ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മാത്രമല്ല അദ്ദേഹത്തിന്റെ ഒരു കൈക്ക് ചലന ശേഷിയും നഷ്ടപ്പെട്ടിരിക്കുകയാണ്.

റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയെടുക്കുകയും കയ്യിന്റെ ചലനശേഷി നഷ്ടപ്പെടുത്തുകയും ചെയ്ത ധീരപ്രവൃത്തിയിലൂടെ മുസ്ലീംങ്ങളെ സന്തോഷിപ്പിച്ച അമേരിക്കക്കാരനായ യുവാവിന് ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു എന്നാണ് ഖുമൈനിയുടെ ഫത്വകള്‍ നടപ്പിലാക്കുന്നതിന് വേണ്ടി രൂപീകരിച്ച ഇറാനിയന്‍ സംഘടനയുടെ സെക്രട്ടറി മുഹമ്മദ് ഇസ്മയില്‍ സരേയി പ്രതികരിച്ചത്. റുഷ്ദി ഇപ്പോള്‍ മരിച്ചതിന് തുല്യമാണ്. ഈ ധീരപ്രവൃത്തിയെ ആദരിക്കുന്നതിന് വേണ്ടി ആ യുവാവിനോ നിയമപ്രകാരമുളള പ്രതിനിധിക്കോ ആയിരം സ്‌ക്വയര്‍ മീറ്റര്‍ ഭൂമി നല്‍കും, സരേയി കൂട്ടിച്ചേര്‍ത്തു.
സല്‍മാന്‍ റുഷ്ദിയുടെ വിഖ്യാത നോവലായ ദി സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനം എഴുത്തുകാരന് നേര്‍ക്ക് ഉയര്‍ന്നിരുന്നു. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള ഖുമൈനി റുഷ്ദിക്ക് എതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ കൊലപ്പെടുത്താനുളള ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.












Click it and Unblock the Notifications