പശ്ചിമേഷ്യയിൽ യുദ്ധഭീതി? ഇറാനിൽ പ്രതിഷേധം പടരുന്നു; മരണം 500 കടന്നു
ഇറാനിയൻ റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലം ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിൽ മരണസംഖ്യ വർധിക്കുന്നു. മരിച്ചവരുടെ എണ്ണം 538 ആയി എന്നാണ് യുഎസ് സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചുകഴിഞ്ഞു. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കടുത്ത മുറകൾ പ്രയോഗിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. തലയിൽ വെടിയേറ്റാണ് പലരുടേയും മരണം.
10,600ൽ അധികം പേരെ കസ്റ്റഡിയിലെടുത്തു എന്നും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം പൊളിക്കാനായി രാജ്യത്ത് ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാർക്ക് പിന്തുണയുമായി ലോകമെമ്പാടും മാർച്ചുകളും അരങ്ങേറുന്നുണ്ട്. ലണ്ടൻ, പാരിസ്, ഇസ്താംബുൾ എന്നിവിടങ്ങളിലാണ് പ്രതിഷേധ മാർച്ചുകൾ അരങ്ങേറുന്നത്.

അതേ സമയം ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടേക്കും എന്ന സൂചനകൾ പുറത്തുവരുന്നതോടെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് തുടർന്നാൽ യുഎസ് നോക്കിനിൽക്കില്ല എന്നും ഇറാനിൽ ആക്രമണം നടത്തുമെന്നും യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിനായി തങ്ങൾ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും മേഖലയിലെ യുഎസ് സൈനികർ ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണെന്നും ട്രംപ് അറിയിച്ചു.
ഇറാനിൽ യുഎസിന്റെ സൈനിക ഇടപെടൽ ഉണ്ടാകാനുള്ള സാധ്യത വർധിച്ചതോടെ ഇസ്രയേലും അതീവ ജാഗ്രതയിലാണ്. യുഎസ് ഇറാനെ ആക്രമിച്ചാൽ, ഇറാൻ ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തിയേക്കുമെന്നാണ് കരുതുന്നത്. അതിനിടെ, ഇറാനിലെ സംഭവങ്ങളില്‍ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ചു. അസ്വസ്ഥത ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു
എന്നാൽ അമേരിക്ക ആക്രമിച്ചാൽ തിരിച്ചടി നൽകുമെന്ന് പറഞ്ഞ് ആയത്തുള്ള ഖമനയിയും രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമായ ദൈവത്തിൻ്റെ ശത്രുക്കളായി കണക്കാക്കുമെന്നാണ് ഇറാൻ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി വ്യക്തമാക്കിയത്. പ്രതിഷേധക്കാർക്ക് കീഴടങ്ങില്ലെന്ന നിലപാടിലാണ് അയത്തൊള്ള അലി ഖമനേയി. 1980-ൽ അന്തരിച്ച ഇറാന്റെ മുൻ രാജാവ് ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ പിന്തുണച്ച് പ്രക്ഷോഭകർ മുദ്രാവാക്യം മുഴക്കിയതും, രാജാവിൻ്റെ മകൻ റെസ പഹ്‌ലവി പ്രതിഷേധം തുടരാൻ ആവശ്യപ്പെട്ടതും ഖമനേയിയേയും കൂട്ടരേയും കൂടുതൽ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ഡിസംബർ 28 ന് ടെഹ്‌റാറിനെ തെരുവിൽ ആരംഭിച്ച പ്രതിഷേധം ഏറ്റവും ഒടുവിലായി ഇറാനിലെ 31 പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് പിന്നാലെ രാജ്യത്തൊട്ടാകെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. അന്താരാഷ്ട്ര ടെലഫോൺ ലൈനുകളും ലഭ്യമാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്












Click it and Unblock the Notifications