ഇറാനില്‍ സ്‌ഫോടനം; ബന്തര്‍ അബ്ബാസ് തുറമുഖം വിറച്ചു, ആശങ്ക വ്യാപകം, പങ്കില്ലെന്ന് ഇസ്രായേല്‍
ടെഹ്‌റാന്‍: ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖ നഗരത്തില്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട്. കാരണം അവ്യക്തമാണ് എന്ന് റിപ്പോര്‍ട്ട് ചെയ്ത ഇറാന്‍ മാധ്യമങ്ങള്‍, അന്വേഷണം തുടങ്ങിയതായും അറിയിക്കുന്നു. ഒരു കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാന്‍ ഭരണകൂടം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇറാനിലെ പ്രധാന തുറമുഖ നഗരമാണ് ബന്തര്‍ അബ്ബാസ്. ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡിന്റെ കമാന്ററെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയത് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. എന്നാല്‍ അര്‍ധ സര്‍ക്കാര്‍ മാധ്യമമായ തസ്‌നിം ഇത് നിഷേധിച്ചു. വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് തസ്‌നിം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലിന് സംഭവത്തില്‍ പങ്കില്ലെന്ന് രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നാണ് ബന്തര്‍ അബ്ബാസ് തുറമുഖം. ഇറാനും ഒമാനും ഇടയിലെ പ്രധാന കപ്പല്‍ പാതയാണിത്. ലോകത്തെ കടല്‍ വഴിയുള്ള അഞ്ചിലൊന്ന് വ്യാപാരവും ഹോര്‍മുസ് കടലിടുക്കിലൂടെ ആണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇവിടെ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഇറാഖിനോട് ചേര്‍ന്ന ഇറാന്‍ നഗരമായ അഹ്‌വാസിലുണ്ടായ ഗ്യാസ് പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ കൊമ്പു കോര്‍ക്കുന്നതിനിടെയാണ് പല ഭാഗങ്ങളിലും അനിഷ്ടകരമായ സംഭവങ്ങള്‍. അതുകൊണ്ടുതന്നെ ആസൂത്രിത നീക്കമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇസ്രായേല്‍ പങ്കില്ലെന്ന് അറിയിച്ചെങ്കിലും ഇറാന്‍ കൂടുതല്‍ വിശദീകരണം നല്‍കാത്തത് ആശങ്ക ഇരട്ടിയാക്കി. ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദ് ടെഹ്‌റാനിലെ സുരക്ഷാ മേഖലയില്‍ ആക്രമണം നടത്തിയത് കഴിഞ്ഞ വര്‍ഷമാണ്.
ഇറാനിലെ മിക്ക നഗരങ്ങൡും കഴിഞ്ഞ ആഴ്ചകളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അലയടിച്ചിരുന്നു. ഇതിനെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിദേശ ശക്തികളുടെ പ്രേരണയാണ് സമരത്തിന് കാരണം എന്ന് ഇറാന്‍ ആരോപിക്കുന്നു. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക രംഗത്തുവരികയും ചെയ്തു. മാത്രമല്ല, പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സേനാ വിന്യാസം നടത്തിയ അമേരിക്കയുടെ നീക്കം ആശങ്കയ്ക്ക് ഇടയാക്കി.
ഇതിനിടെയാണ് സ്‌ഫോനങ്ങളുണ്ടായിരിക്കുന്നത്. അമേരിക്ക ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ബങ്കറില്‍ ഒളിച്ചു എന്ന മട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അദ്ദേഹം ഒരു പള്ളിയില്‍ പ്രാര്‍ഥന നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖാംനഇ ബങ്കറില്‍ ഒളിച്ചു എന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചിരുന്നു.












Click it and Unblock the Notifications