ഇറാന്റെ വന്‍ പ്രഖ്യാപനം: ഇന്ത്യക്കാർ ഉള്‍പ്പെടെ 28 രാജ്യക്കാർക്ക് വിസ വേണ്ട, പക്ഷെ ഒരു നിബന്ധനയുണ്ട്
ടെഹ്റാന്‍: ഇന്ത്യക്കാർക്ക് ഉള്‍പ്പെടെ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാന്‍. ഇന്ത്യക്ക് പുറമെ യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ 28 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. തീരുമാനം ഫെബ്രുവരി 4 മുതല്‍ പ്രാബല്യത്തില്‍ വരും. 'ടൂറിസ്റ്റുകളായി രാജ്യത്തേക്ക് എത്തുന്ന 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ഫെബ്രുവരി 4 മുതൽ വിസ ആവശ്യമുണ്ടായിരിക്കില്ല' ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രവാസികാര്യ ഡെപ്യൂട്ടി അലി റെസ ബിഗ്ഡെലി വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാർക്ക് വിസയുടെ ആവശ്യമില്ലാതെ വിമാനത്തിലൂടെ മാത്രമേ രാജ്യത്തേക്ക് എത്താന്‍ സാധിക്കൂ. കര അതിർത്തികളിലൂടെ പ്രവേശിക്കണമെങ്കിൽ ഇന്ത്യക്കാർക്ക് പഴയത് പോലെ വിസ സ്വന്തമാക്കേണ്ടി വരും. പുതിയ നയം സംബന്ധിച്ച് അതത് രാജ്യങ്ങളിലെ എംമ്പസികളുമായും കോണ്‍സുലേറ്റുകളുമായും ചർച്ചകള്‍ നടത്തി വരികയാണെന്നും അലി റെസ ബിഗ്ഡെലി പറഞ്ഞു.

യു എ ഇ, ഇന്ത്യ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, ടുണീഷ്യ,ടാൻസാനിയ, മൗറിറ്റാനിയ, സിംബാബ്‌വെ, മൗറീഷ്യസ്, സീഷെൽസ്, ജപ്പാൻ, ഇന്തോനേഷ്യ, സിംഗപ്പൂർ, ക്യൂബ, വിയറ്റ്നാം, കംബോഡിയ, ബ്രൂണെ, ബ്രസീൽ, മെക്സിക്കോ,
പെറു, ക്രൊയേഷ്യ, സെർബിയ, ബോസ്നിയ, ഹെർസഗോവിന, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കാണ് ഇറാന്‍ വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്.
രാജ്യത്ത് എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ തങ്ങളുടെ വിസ നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നടപ്പ് വർഷത്തിൻ്റെ ആദ്യ എട്ട് മാസങ്ങളിൽ (മാർച്ച് 21 മുതൽ) രാജ്യത്ത് എത്തിയ വിദേശികളുടെ എണ്ണം 4.4 മില്ല്യണിലെത്തി. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 48.5 ശതമാനത്തിന്റെ വർധനവാണ്.
രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്ന് ഇറാന്‍ സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രിയായ ഇസദുള്ളാഹ് ദര്‍ഗാമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സുഖമമായ സഞ്ചാരം മനുഷ്യരുടെ അവകാശമാണ്. ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ മഹത്തായ സവിശേഷതകള്‍ ആസ്വദിക്കാന്‍ ലോകത്തിന് അവസരം ഒരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക വിനോദസഞ്ചാര മേഖലയില്‍ ഇറാന് അത്ര മികച്ച പേരല്ല ഉള്ളത്. ഈ ധാരണകള്‍ മാറാനും രാജ്യം വിനോദസഞ്ചാര സൗഹൃദമാണെന്ന് തെളിയിക്കാനുമാണ് ഇറാന്റെ നീക്കം. നേരത്തെ ചൈനയും തുര്‍ക്കിയും അസര്‍ബൈജാനും സിറിയയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഇറാന്‍ വിസ ഉളവ് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications