ദുബായിലെ ഒറാക്കിൾ സെന്റർ ആക്രമിച്ചെന്ന് ഇറാൻ; വാർത്തയിൽ വിറച്ച് ടെക് ലോകം!
അമേരിക്കൻ ടെക്ക ഭീമനായ ഒറാക്കിളിന്റെ ദുബായിലെ ഡാറ്റാ സെന്ററിന് നേരെ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രംഗത്തെത്തി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) വഴിയാണ് ഐആർജിസി നേവി കമാൻഡ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ഈ അവകാശവാദം പൂർണ്ണമായും തള്ളിക്കളഞ്ഞ ദുബായ് സർക്കാർ, ഇത് വെറും വ്യാജവാർത്ത മാത്രമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ യുഎസ്-ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്.
ഇറാന്റെ അവകാശവാദം
ഏപ്രിൽ ഒന്നിന് ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ മുൻ ഇറാൻ വിദേശകാര്യ മന്ത്രി കമൽ ഖരാസിയുടെ ഭാര്യ കൊല്ലപ്പെടുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായാണ് ദുബായിലെ ഒറാക്കിൾ ഡാറ്റാ സെന്റർ ലക്ഷ്യമിട്ടതെന്ന് ഇറാൻ അവകാശപ്പെടുന്നു. യുഎസ് സാങ്കേതിക കമ്പനികൾ ചാരപ്രവൃത്തിക്കും ഭീകരപ്രവർത്തനങ്ങൾക്കും സഹായം നൽകുന്നുവെന്നാണ് ഇറാന്റെ ആരോപണം. ഐആർജിസി നേരത്തെ പുറത്തുവിട്ട 18 പ്രമുഖ യുഎസ് കമ്പനികളുടെ പട്ടികയിൽ ഒറാക്കിളും ഉൾപ്പെട്ടിരുന്നു.

യുഎഇ സർക്കാരിന്റെ മറുപടി
ഇറാൻ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചതിന് പിന്നാലെ വാർത്ത നിഷേധിച്ചുകൊണ്ട് യുഎഇ രംഗത്തെത്തി. ഒറാക്കിൾ സെന്ററിന് നേരെ ആക്രമണം നടന്നുവെന്നത് അടിസ്ഥാനരഹിതമാണെന്നും, പ്രചരിക്കുന്നത് വ്യാജ വാർത്ത ആണെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളെ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി പടർത്തുന്ന തെറ്റായ വിവരങ്ങൾ പങ്കുവെക്കരുതെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ ദുബായിലെ വിവരസാങ്കേതിക സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഭീഷണിയിലുള്ള മറ്റ് കമ്പനികൾ
തങ്ങളുടെ നേതാക്കളെ വധിക്കാൻ സാങ്കേതിക സഹായം നൽകുന്നുവെന്ന് ആരോപിച്ച് ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആപ്പിൾ, മെറ്റാ, എൻവിഡിയ തുടങ്ങിയ കമ്പനികളെ ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ബഹ്റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്ററിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരോട് ഉടൻ ജോലിസ്ഥലം വിട്ടുപോകണമെന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഐആർജിസി ഭീഷണി മുഴക്കിയിട്ടുണ്ട്.
നിലവിൽ മേഖലയിൽ 3,000-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ പ്രത്യാക്രമണം നടത്തുന്നതായാണ് വിവരം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ കടുത്ത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും, സൈബർ-ഭൗതിക ആക്രമണങ്ങളിലൂടെ തിരിച്ചടിക്കാനാണ് ഇറാന്റെ നീക്കം.












Click it and Unblock the Notifications