'ഇതു യുദ്ധത്തിനുള്ള പുറപ്പാട്'; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഖമേനി; യുദ്ധക്കപ്പലുകള്‍ സജ്ജം
ടെഹ്‌റാന്‍: ഒരു വശത്ത് ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോള്‍ തന്നെ പരസ്പരം ഭീഷണികള്‍ തുടര്‍ന്ന് ഇറാനും യുഎസും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് ശക്തമായ താക്കീതുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തി. ട്രംപിന്റെ നിര്‍ദേശപ്രകാരം യുഎസ് യുദ്ധക്കപ്പലുകള്‍ ഇറാനു സമീപം നിലയുറപ്പിച്ചതോടെയാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സംഘര്‍ഷം വര്‍ധിച്ചത്. പശ്ചിമേഷ്യയില്‍ വലിയ യുദ്ധഭീതി വിതച്ചുകൊണ്ടാണ് അമേരിക്കയും ഇറാനും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്.
ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായിരുന്ന റൂഹുള്ള ഖൊമേനിയുടെ ടെഹ്റാനിലെ സ്മാരകം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ആയത്തുള്ള അലി ഖമേനി യുഎസിനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ശക്തമായ താക്കീത് നല്‍കിയത്. ഇറാന് മേല്‍ സൈനിക ആക്രമണം നടത്താനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ അത് പശ്ചിമേഷ്യയില്‍ വലിയൊരു പ്രാദേശിക യുദ്ധത്തിന് വഴിവയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ച ശേഷം വളരെ അപൂര്‍വമായാണ് ഖമേനി പൊതുവേദികളില്‍ എത്തുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികളെ ഇറാന്‍ ജനത ഭയപ്പെടുന്നില്ലെന്ന് ഖമേനി വ്യക്തമാക്കി. യുദ്ധക്കപ്പലുകള്‍ കാണിച്ച് ഇറാന്റെ വീര്യം കെടുത്താമെന്ന് ട്രംപ് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ അടുത്തിടെ നടന്ന പ്രതിഷേധങ്ങളെ അട്ടിമറി ശ്രമമായാണ് ഖമേനി വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ഭരണകേന്ദ്രങ്ങളെ തകര്‍ക്കുക എന്നതായിരുന്നു ഈ പ്രക്ഷോഭങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഇറാനിലെ പ്രക്ഷോഭകാരികളെ പിന്തുണയ്ക്കുന്ന ട്രംപിന്റെ നിലപാടാണ് ഇറാനെ പ്രകോപിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇറാന്‍ ഭരണകൂടത്തിന് എതിരേ ആരംഭിച്ച പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.
അതേസമയം, ഇറാനുമായി സമാധാനപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷമാണ് ഖമേനിയുടെ മുന്നറിയിപ്പുണ്ടായത്. ഇറാനില്‍ പ്രക്ഷോഭം നടത്തുന്നവരെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ ട്രംപ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ആണവായുധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള കരാറിന് ഇറാന്‍ തയ്യാറാകണമെന്നാണ് ട്രംപിന്റെ നിലപാട്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊല്ലുന്നതും തടവിലാക്കപ്പെട്ടവരെ കൂട്ടമായി വധിക്കുന്നതും തുടര്‍ന്നാല്‍ യുഎസ് സൈനിക ഇടപെടല്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ യുഎസ് നാവികസേനയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലും മൂന്ന് ലിറ്ററല്‍ കോംബാറ്റ് കപ്പലുകളും ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ അറേബ്യന്‍ കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ ഈ സൈനിക വിന്യാസം വലിയൊരു ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാമെന്ന ഭീതിയിലാണ് ലോക രാജ്യങ്ങള്‍.
ഇറാനില്‍ ഭരണകൂടത്തിനെതിരേ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ ഇതുവരെ വലിയ ആള്‍നാശം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 3,117 പേരാണ് മരിച്ചത്. ഏകദേശം 6,713 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നത്. ഇതുകൂടാതെ സ്വത്തുവകകള്‍ക്കും വലിയ നാശം സംഭവിച്ചു. നിരവധി ആളുകള്‍ പലായനം ചെയ്തു. ഇറാന്റെ സമ്പദ് വ്യവസ്ഥയും പാടെ തകര്‍ന്നിരിക്കുകയാണ്. അമേരിക്ക-ഇറാന്‍ സംഘര്‍ഷം ആഗോള എണ്ണവിലയിലുണ്ടാക്കുന്ന പ്രതികൂല ചലനങ്ങളെയും ലോകം ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications