മുഹമ്മദ് ജവാദ് സരീഫ് ഇറാന്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; പെഷേഷ്‌കിയന്‍ സര്‍ക്കാരിന് തിരിച്ചടി
ടെഹ്റാന്‍: ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരീഫ് രാജിവെച്ചു. ഇറാനിലെ ഏറ്റവും പ്രമുഖ പരിഷ്‌കരണവാദിയായ നേതാവ് എന്നാണ് മുഹമ്മദ് ജവാദ് സരീഫ് അറിയപ്പെടുന്നത്. രാജി കത്തില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും പരമോന്നത നേതാവ് അലി ഖമേനി രാജി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ ധനമന്ത്രിയായ അബ്ദുള്‍ നാസര്‍ ഹെമ്മാദിയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതിന് പിന്നാലെയാണ് ജവാദ് സരീഫിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.
തനിക്കും കുടുംബത്തിനും ഭയാനകമായ അപമാനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു എന്നും 40 വര്‍ഷത്തെ സേവനത്തിലെ ഏറ്റവും കയ്പേറിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോയത് എന്നും സരീഫ് പറഞ്ഞു. സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ഒഴിവാക്കാന്‍ ജുഡീഷ്യറി മേധാവി തന്നോട് രാജി വെക്കാന്‍ ആവശ്യപ്പെുടുകയായിരുന്നു അദ്ദേഹം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് സരീഫിന്റെ രാജി. 2015 ല്‍ സരീഫ് വിദേശകാര്യ മന്ത്രി ആയിരിക്കുമ്പോഴാണ് ഇറാന്‍ സുപ്രധാനമായ ആണവക്കരാറില്‍ പങ്കാളിയായത്. ജൂലൈയില്‍ ഇറാന്‍ പ്രസിഡന്റ് ആയി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ജവാദ് സരീഫിനെ വൈസ് പ്രസിഡന്റാകുന്നത്. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സരീഫ് രാജിവെച്ചു.
എന്നാല്‍ അതേ മാസം വീണ്ടും സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു. 2015 ലെ ആണവ കരാറിനായുള്ള നീണ്ട ചര്‍ച്ചകളിലൂടെയാണ് സരീഫ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യമായി അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ അമേരിക്ക കരാറില്‍ നിന്ന് പിന്മാറുകയും ഇറാനുമേല്‍ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ട്രംപ് തന്റെ രണ്ടാം വരവിലും ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്.
അമേരിക്കയുമായുള്ള ആണവ പദ്ധതിയെച്ചൊല്ലിയുള്ള ചര്‍ച്ചകളെ എതിര്‍ക്കുന്നവരായ സരീഫിന്റെ വിമര്‍ശകര്‍ പാശ്ചാത്യരാജ്യങ്ങളുമായി ബന്ധമുള്ള വ്യക്തികളെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന 2022 ലെ നിയമത്തിന്റെ ലംഘനമാണ് അദ്ദേഹത്തിന്റെ നിയമനമെന്ന് അവകാശപ്പെട്ടിരുന്നു. യുഎസില്‍ നയതന്ത്രജ്ഞനായിരുന്ന കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ മക്കളുടെ പൗരത്വം വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
വിമര്‍ശിച്ചവരില്‍ പലരും അമേരിക്കയുമായുള്ള ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളെ എതിര്‍ത്തിരുന്നവരായിരുന്നു. ഹസ്സന്‍ റൂഹാനിയുടെ സര്‍ക്കാരില്‍ 2013 നും 2021 നും ഇടയില്‍ ഇറാന്റെ ഉന്നത നയതന്ത്രജ്ഞനായിരുന്ന സരിഫ്, പെഷേഷ്‌കിയനൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കപ്പെട്ട ഒരാള്‍ കൂടിയായിരുന്നു. അതേസമയം വിപണികളെ സ്ഥിരപ്പെടുത്തുന്നതിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും ധനമന്ത്രി പരാജയപ്പെട്ടുവെന്നാരോപിച്ചാണ് മൊഹമ്മാദിയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്.












Click it and Unblock the Notifications