കുര്‍ദ് ഹിതപരിശോധന: വോട്ട് ചെയ്തത് നാലുലക്ഷത്തിലേറെ പേര്‍, ഫലം വ്യാഴാഴ്ചയോടെ
കുര്‍ദ് ഹിതപരിശോധന: വോട്ട് ചെയ്തത് നാലുലക്ഷത്തിലേറെ പേര്‍, ഫലം വ്യാഴാഴ്ചയോടെ
ഇര്‍ബില്‍: ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും മധ്യേ ഇറാഖിലെ കുര്‍ദുകള്‍ സ്വാതന്ത്ര്യ ഹിതപ്പരിശോധനയുടെ ഭാഗമായി വോട്ട് രേഖപ്പെടുത്തി. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെ സമാപിച്ച വോട്ടെടുപ്പില്‍ അര്‍ഹരായ 5.2 ദശലക്ഷം വോട്ടര്‍മാരില്‍ 78 ശതമാനം പേര്‍ ഹിതപരിശോധനയില്‍ പങ്കെടുത്തു. വോട്ടെണ്ണല്‍ ആരംഭിച്ചതായും 72 മണിക്കൂറിനകം ഫലം പ്രഖ്യാപിക്കുമെന്നും വോട്ടെടുപ്പിന് നേതൃത്വം നല്‍കിയ സ്വതന്ത്ര ഹിതപ്പരിശോധന കമ്മീഷന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരായ ഇറാഖി ഭരണകൂടത്തിന്റെ എതിര്‍പ്പുകളും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും അയല്‍ രാജ്യങ്ങളുടെ ശിക്ഷാ നടപടികളും അവഗണിച്ചാണ് ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് (കെ.ആര്‍.ജി) സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി ഹിതപ്പരിശോധന നടത്തിയത്.
വോട്ടെടുപ്പിന്റെ അന്തിമഘട്ടത്തില്‍ ആഷോഷത്തിമിര്‍പ്പിലായ കുര്‍ദ് ജനക്കൂട്ടം ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങിയതോടെ വോട്ടെടുപ്പിന്റെ ഒന്നര മണിക്കൂര്‍ മുമ്പ് കിര്‍ക്കുക്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അറബ്-തുര്‍ക്ക് വംശജരും ഇടകലര്‍ന്ന് ജീവിക്കുന്ന ഈ വടക്കന്‍ ഇറാഖ് പ്രവിശ്യയില്‍ കുര്‍ദുകള്‍ ഒന്നടങ്കം വോട്ട് ചെയ്യാനെത്തിയപ്പോള്‍ പലയിടങ്ങളിലും സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനിന്നു. ബാലറ്റ് പേപ്പറില്‍ ഒറ്റച്ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. കുര്‍ദിസ്താന്‍ റീജ്യനും അതിനു പുറത്തുള്ള കുര്‍ദ് പ്രദേശങ്ങളും സ്വതന്ത്ര രാഷ്ട്രമാവണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. കുര്‍ദിഷ്, അറബ്ക്, തുര്‍ക്കിഷ്, അസീറിയന്‍ എന്നീ നാല് ഭാഷയില്‍ അച്ചടിച്ച ചോദ്യത്തിന് ഉണ്ട് /ഇല്ല എന്നീ രണ്ടിലേതെങ്കിലും ഉത്തരമായിരുന്നു നല്‍കേണ്ടത്.

ഹിതപരിശോധന നീക്കം ഉപേക്ഷിക്കാന്‍ ഇറാഖ് പാര്‍ലമെന്റ് നേരത്തേ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇറാഖ് സുപ്രിംകോടതിയും ഇതേ ആവശ്യമുന്നയിക്കുകയുണ്ടായി. യു.എന്നിനു പുറമെ, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ തുടങ്ങി വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന്‍, സിറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഹിതപ്പരിശോധനയ്‌ക്കെതിരാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യോജിച്ച പോരാട്ടം നടക്കുന്ന ഈ സമയത്ത് ഹിതപരിശോധന നടത്തുന്നത് പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങള്‍ ഇതിനെ എതിര്‍ന്നത്. മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന തീരുമാനമാണിതെന്ന് അയല്‍രാജ്യങ്ങളും വ്യക്താക്കിയിരുന്നു.
എന്നാല്‍, തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ കുര്‍ദുകള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു കുര്‍ദ് ഗവണ്‍മെന്റ് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ വാദം. ഹിതപരിശോധനയ്ക്കു ശേഷം ഇറാഖുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഹിതപ്പരിശോധനയുടെ പശ്ചാത്തലത്തില്‍ കുര്‍ദിസ്താന്‍ റീജ്യനിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും ഇറാന്‍ നിര്‍ത്തിവച്ചിരുന്നു. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ കുര്‍ദ് പ്രദേശങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് തുര്‍ക്കിയും മുറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications