റഷ്യയില്‍ നിന്ന് അമേരിക്ക ഒന്നും വാങ്ങുന്നില്ലേ? കണക്ക് നിരത്തി ഇന്ത്യ: ഇറക്കുമതി ചെയ്യുന്നത് ഈ ഉല്‍പന്നങ്ങള്‍
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഭിന്നതയും വാക്കുതര്‍ക്കവും രൂക്ഷമായിരിക്കുകയാണ്. യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയില്‍ നിന്നും എണ്ണ വാങ്ങി ഇന്ത്യ പിന്തുണയ്ക്കുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം.
ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തിയ 25 ശതമാനം തീരുവയ്ക്കു പുറമേ വീണ്ടും താരിഫ് വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. യുക്രൈനില്‍ കൊല്ലപ്പെടുന്ന ആളുകളെ കുറിച്ച് ഇന്ത്യക്ക് യാതൊരു ആശങ്കയുമില്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍. എന്നാല്‍ അമേരിക്കയുടെ ഇരട്ടത്താപ്പ് തെളിവ് സഹിതം നിരത്തിയാണ് ഇന്ത്യ പ്രതിരോധിച്ചത്. റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ച ശേഷവും അമേരിക്ക കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സാധനങ്ങളാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ മൂല്യം കണക്കാക്കുമ്പോള്‍ ഇന്ത്യയുടെ ഇറക്കുമതി കുറവാണെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യയും രംഗത്ത് വന്നിരുന്നു. വ്യാപാര പങ്കാളികളെ തീരുമാനിക്കാന്‍ ഇന്ത്യയ്ക്ക് അവകാശം ഉണ്ടെന്നാണ് റഷ്യന്‍ ഭരണകൂടത്തിന്റെ വക്താവ് അമേരിക്കയെ വിമര്‍ശിച്ച് പറഞ്ഞത്.

റഷ്യയില്‍ നിന്ന് അമേരിക്ക ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ട്രംപ് പറഞ്ഞ മറുപടിയും ശ്രദ്ധേയമായിരുന്നു. റഷ്യന്‍ ഇറക്കുമതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലേ.. എന്ന നിലപാടാണ് ഇക്കാര്യത്തില്‍ ട്രംപ് സ്വീകരിച്ചത്. വിവാദത്തിനിടെ ഇന്ത്യയാണോ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമാണോ റഷ്യയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതെന്ന കണക്കുകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു.
റഷ്യയില്‍ നിന്നുള്ള ഊര്‍ജവും ദ്രവീകൃത പ്രകൃതിവാതകവും സമ്പുഷ്ടീകരിച്ച യുറേനിയവും ഉള്‍പ്പെടെ കോടിക്കണക്കിന് യൂറോയും യുഎസ് ഡോളറും വിലമതിക്കുന്ന ഉല്‍പ്പന്നങ്ങളാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അതായത് 2024-ല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായി 67.5 ബില്യണ്‍ യൂറോയുടെ ഉഭയകക്ഷി വ്യാപാരമാണ് നടത്തിയത്. ഇതിനു പുറമേ 2023-ലെ സേവന വ്യാപാരം 17.2 ബില്യണ്‍ യൂറോ ആയിരുന്നു. ഇത് റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാളും വളരെ കൂടുതലാണ്.
2024-ല്‍ റഷ്യയില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി 16.5 മില്യന്‍ ടണ്ണിലെത്തി. 2022 ല്‍ ഇത് 15.21 മില്യണ്‍ ടണ്ണായിരുന്നു. യൂറോപ്പ്-റഷ്യ ഇടപാടില്‍ ഊര്‍ജ്ജം മാത്രമല്ല, വളങ്ങള്‍, ഖനന ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയും ഇറക്കുമതി ചെയ്യുന്നുണ്ട്.
അതേസമയം, യുക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിനു മുമ്പുള്ള ഇറക്കുമതി വച്ച് നോക്കുമ്പോള്‍ ഇപ്പോഴുള്ള ഇറക്കുമതിയുടെ തോത് 86 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിലിനും വാതകത്തിനും ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്.
2025 ന്റെ ആദ്യ പാദത്തില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് ഇറക്കുമതി ചെയ്ത റഷ്യന്‍ ഉല്‍പന്നങ്ങള്‍ 8.74 ബില്യണ്‍ യൂറോയുടേതായിരുന്നു (10.11 ബില്യണ്‍ ഡോളര്‍). ഇത് നാല് വര്‍ഷം മുമ്പ് 30.58 ബില്യണ്‍ യൂറോയായിരുന്നു. ക്രൂഡ് ഓയില്‍, നിക്കല്‍, പ്രകൃതിവാതകം, വളം, ഇരുമ്പ്, ഉരുക്ക് എന്നിവയാണ് യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്യുന്നത്.
റഷ്യയില്‍ നിന്ന് യുഎസിലേക്കുള്ള ഇറക്കുമതിയും മുന്‍പത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 2025 ലെ ആദ്യ ആറ് മാസങ്ങളില്‍ 2.50 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. നാല് വര്‍ഷം മുന്‍പ് ഇതേ കാലയളവില്‍ 14.14 ബില്യണ്‍ ഡോളറായിരുന്നു. രാസവളം, യുറേനിയം, പ്ലൂട്ടോണിയം, പല്ലേഡിയം എന്നിവയാണ് റഷ്യയില്‍നിന്ന് യുഎസ് ഇറക്കുമതി ചെയ്യുന്നത്.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി
റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരം വര്‍ധിച്ചു. 2021 ലെ 8.25 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍, 2024 ല്‍ ഇറക്കുമതി 65.7 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി 2021 ലെ 2.31 ബില്യണ്‍ ഡോളറില്‍ നിന്ന് 2024 ല്‍ 52.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കല്‍ക്കരി ഉല്‍പന്നങ്ങള്‍, വളങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും വര്‍ധിച്ചു.












Click it and Unblock the Notifications