നരേന്ദ്ര മോദിക്ക് ക്ഷണം; ഈജിപ്തില്‍ എത്തിയാല്‍ നേട്ടം ഒട്ടേറെ, ഡൊണാള്‍ഡ് ട്രംപ് അയയുന്നു
കെയ്‌റോ: ഈജിപ്തില്‍ നടക്കുന്ന സമാധാന ഉച്ചകോടിയിലേക്ക് പ്രധാനനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ക്ഷണമുണ്ട്. അതിനൊപ്പമാണ് മോദിയെയും വിളിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സിസി എന്നിവരാണ് മോദിയെ ക്ഷണിച്ചത്. ഇരുവരും സംയുക്തമായി നയിക്കുന്നതാണ് സമ്മേളനം.
ശനിയാഴ്ച രാത്രിയാണ് മോദിക്ക് ക്ഷണം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുള്‍. നരേന്ദ്ര മോദി ഈജിപ്തിലേക്ക് പോകുമോ എന്ന് വ്യക്തമല്ല. നേരിട്ട് പങ്കെടുക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ പ്രതിനിധിയെ അയച്ചേക്കാം. ഈജിപ്തിലെ ഷറമുല്‍ ശൈഖിലാണ് ഉച്ചകോടി. പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നതില്‍ നിര്‍ണായകമാകുന്ന ഉച്ചകോടി തിങ്കളാഴ്ച വൈകീട്ടാണ് ആരംഭിക്കുക.

അമേരിക്ക, തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിരന്തരമായി നടത്തിയ ചര്‍ച്ചയാണ് ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം അവസാനിക്കാന്‍ കാരണം. വെടിനിര്‍ത്തല്‍ കരാര്‍ വെള്ളിയാഴ്ച നിലവില്‍ വന്നു. തിങ്കളാഴ്ചയാണ് ഉച്ചകോടി. കരാറിന്റെ ആദ്യ നടപടികള്‍ വൈകാതെ ആരംഭിക്കും. അതിനിടെ ഉച്ചകോടിക്ക് എത്തിയ ഖത്തറിന്റെ പ്രതിനിധികള്‍ വാഹന അപകടത്തില്‍ മരിച്ചു. ഇസ്രായേല്‍-ഹമാസ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നതും നിര്‍ണായകമാണ്.
നരേന്ദ്ര മോദി പങ്കെടുത്താല്‍
ലോകത്തെ പ്രധാന സമാധാന സമ്മേളനമാണ് ഈജിപ്തില്‍ നടക്കാന്‍ പോകുന്നത്. അതില്‍ നരേന്ദ്ര മോദി പങ്കെടുത്താന്‍ ചരിത്രത്തിന്റെ ഭാഗമാകും. മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നേരിട്ട് ചര്‍ച്ച നടത്താനുള്ള അവസരവും ലഭിക്കും. ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം ചുങ്കം ചുമത്തിയ ട്രംപ് അടുത്തിടെ നിലപാട് അല്‍പ്പം മയപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, ഈജിപ്തുമായി സഹകരണം ശക്തമാക്കുന്നതും ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന് വിലയിരുത്തുന്നു. അതുവഴി പശ്ചിമേഷ്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യ പലസ്തീനിലെ സമാധാന നീക്കങ്ങള്‍ക്ക് ഒപ്പമാണ് എന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. അതുകൊണ്ടുതന്നെ മോദി നേരിട്ട് പങ്കെടുത്തേക്കാമെന്ന് അഭിപ്രായങ്ങളുണ്ട്.
കരാറിന്റെ ആദ്യ ഭാഗം
സ്‌പെയിന്‍, ജപ്പാന്‍, അസര്‍ബൈജാന്‍, അര്‍മേനിയ, ഹംഗറി, എല്‍ സാല്‍വദോര്‍, സൈപ്രസ്, ഗ്രീസ്, ബഹ്‌റൈന്‍, കുവൈത്ത്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം സമ്മേളനത്തിലേക്ക് ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം നിയുക്ത യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ വച്ച് കണ്ടിരുന്നു. അതും അനുനയ നീക്കമായി വിലയിരുത്തുന്നു.
ഇസ്രായേല്‍-ഹമാസ് സമാധാന കരാറിന്റെ ആദ്യ പടിയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ഗാസയില്‍ നിന്നുള്ള പിന്മാറ്റം. ഗാസ സിറ്റി, റഫ, ഖാന്‍ യൂനിസ്, വടക്കന്‍ ഗസ എന്നിവിടങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറും. അഞ്ച് മാര്‍ഗങ്ങളിലൂടെ ഗാസയിലേക്ക് സഹായ വസ്തുക്കള്‍ എത്തും. ഇസ്രായേല്‍ ജയിലിലുള്ള പലസ്തീന്‍ തടവുകാരായ 2000 പേരെ വിട്ടയക്കും. പകരം ഹമാസിന്റെ തടവിലുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും. വൈകാതെ റഫാ അതിര്‍ത്തി ഈജിപ്ത് തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications