ലോകം വന്‍ മാന്ദ്യത്തിലേക്ക്, തകര്‍ന്നടിഞ്ഞ് സിലിക്കണ്‍ വാലി ബാങ്ക്.. 2008ന് ശേഷം ആദ്യം; രക്ഷിക്കാമെന്ന് മസ്‌ക്
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ വര്‍ഷം പലിശ നിരക്ക് ഉയര്‍ത്തിയതാണ് ബാങ്കിന് തിരിച്ചടിയായത്. ഇതിന് പിന്നാലെ നിരവധി പേര്‍ നിക്ഷേപം പിന്‍വലിക്കുകയായിരുന്നു

ന്യൂയോര്‍ക്ക്: കൊവിഡിനും റഷ്യ - യുക്രൈന്‍ യുദ്ധത്തിന് ശേഷം യൂറോപ്പില്‍ സാമ്പത്തിക മാന്ദ്യം വലിയ രീതിയില്‍ ബാധിക്കുന്നു എന്ന തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ പല മള്‍ട്ടി നാഷണല്‍ കമ്പനികളും കോര്‍പ്പറേറ്റുകളും ചെലവ് ചുരുക്കല്‍ എന്ന തരത്തില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഇത്.
ഇതിന് ശേഷം ഒരു ഇടവേളക്ക് ശേഷം സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടും എന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ലോകത്തിലാകമാനം ബാധിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തിനുള്ള സൂചന എന്നോണം സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നിരിക്കുകയാണ്. ഏറ്റവും വലിയ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന ബാങ്കാണ് സിലിക്കണ്‍ വാലി ബാങ്ക്.

2008 ന് ശേഷം ആദ്യം
എന്നാല്‍ കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്റ് ഇന്നൊവേഷന്‍ വെള്ളിയാഴ്ച സിലിക്കണ്‍ വാലി ബാങ്ക് അടച്ചുപൂട്ടുകയായിരുന്നു. 2008 ല്‍ അമേരിക്കയടക്കമുള്ള എല്ലാ രാജ്യങ്ങളേയും തകര്‍ത്തെറിഞ്ഞ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തില്‍ അടച്ച് പൂട്ടേണ്ടി വരുന്നത്. അതിനാല്‍ തന്നെ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണോ ഇത് എന്ന സംശയത്തിലാണ് സാമ്പത്തിക വിദഗ്ധര്‍.

പഴയ ബാങ്ക് നല്‍കിയ ചെക്കുകള്‍ ക്ലിയര്‍ ചെയ്യും
നിലവില്‍ റെഗുലേറ്റര്‍ ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനെ റിസീവറായി നിയമിച്ചിരിക്കുകയാണ്. എസ് വി ബിയുടെ നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൈവശം വയ്ക്കാന്‍ എഫ് ഡി ഐ സി നാഷണല്‍ ബാങ്ക് ഓഫ് സാന്താ ക്ലാര എന്ന പുതിയ ബാങ്ക് സൃഷ്ടിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയോടെ പുതിയ സ്ഥാപനം പ്രവര്‍ത്തിക്കുമെന്നും പഴയ ബാങ്ക് നല്‍കിയ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

തിരിച്ചടിയായത് ഫെഡറല്‍ റിസര്‍വിന്റെ നീക്കം
ഒരു വര്‍ഷം മുന്‍പ് ഉയര്‍ന്ന ഫ്‌ലൈയിംഗ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള പണം ഉപയോഗിച്ച് സിലിക്കണ്‍ വാലി ബാങ്ക് വലിയ തുക ബോണ്ടുകള്‍ വാങ്ങയിരുന്നു. മറ്റ് ബാങ്കുകളെപ്പോലെ, സിലിക്കണ്‍ വാലി ബാങ്കും നിക്ഷേപങ്ങളില്‍ ചെറിയൊരു തുക കൈയ്യില്‍ സൂക്ഷിക്കുകയും ബാക്കി തുക ലാഭം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപിക്കുകയുമായിരുന്നു. എന്നാല്‍ ഇതിന് തിരിച്ചടിയായത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ വര്‍ഷം പലിശ നിരക്ക് ഉയര്‍ത്തിയതാണ്.

ഒറ്റ ദിവസം നഷ്ടപ്പെട്ടത് 2 ബില്യണ്‍ ഡോളര്‍
ഇതിന് ശേഷം നിക്ഷേപം നടത്തിയവരില്‍ പലരും പണം പിന്‍വലിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ബുധനാഴ്ച ഏകദേശം 2 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ബാങ്ക് പറഞ്ഞു. സിലിക്കണ്‍ വാലി ബാങ്കിന്റെ പരാജയം മറ്റ് ബാങ്കുകളുടെ ഇടപാടുകാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക്, ന്യൂയോര്‍ക്കിലെ സിഗ്‌നേച്ചര്‍ ബാങ്ക് എന്നിവയുടെ ഓഹരികള്‍ വെള്ളിയാഴ്ച 20 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.

അതിജീവനം എളുപ്പമാകില്ല
നിലവിലെ സാഹചര്യത്തില്‍ സിലിക്കണ്‍ വാലി ബാങ്കിന്റേത് പെട്ടെന്ന് അതിജീവിക്കാന്‍ കഴിയുന്ന തകര്‍ച്ചയല്ല എന്നാണ് അനുമാനം. സെക്യൂരിറ്റിക്ക് ആവശ്യമായ 2,50,000 ഡോളര്‍വീതം തിങ്കളാഴ്ച ലഭ്യമാക്കാമെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് പ്രശ്‌ന പരിഹാരത്തിന് മതിയാകില്ല. ബാങ്കിലെ നിക്ഷേപകരില്‍ പലരും അതിസമ്പന്നരാണ് എന്നതിനാല്‍ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും ഈ തുകയുടെ പത്തിരട്ടിയോളമാണ്.

മസ്‌ക് രക്ഷിക്കുമോ
അതേസമയം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല, ട്വിറ്റര്‍ എന്നിവയുടെ സി ഇ ഒയുമായ ഇലോണ്‍ മസ്‌ക് സിലിക്കണ്‍ വാലി ബാങ്ക് വാങ്ങാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ ഗ്ലോബല്‍ ഗെയിമിംഗ് ഹാര്‍ഡ്വെയര്‍ നിര്‍മ്മാതാക്കളായ റേസറിന്റെ സഹസ്ഥാപകനും സിഇഒയുമായ മിന്‍-ലിയാങ് ടാന്‍ എസ് വി ബിയെ ഡിജിറ്റല്‍ ബാങ്കാക്കി മാറ്റണം എന്ന് നിര്‍ദേശിച്ചിരുന്നു.

ഒരു കൈ നോക്കാമെന്ന് മസ്‌ക്
ട്വിറ്റര്‍ എസ് വി ബി വാങ്ങി ഡിജിറ്റല്‍ ബാങ്കായി മാറ്റണം എന്നാണ് കരുതുന്നത് എന്നാണ് മിന്‍-ലിയാങ് ടാന്‍ പറഞ്ഞത്. ഇതിന് മറുപടിയെന്നോണം ഞാന്‍ ഈ ആശയത്തോട് തുറന്ന സമീപനം സ്വീകരിക്കുന്നു എന്നായിരുന്നു ഇലോണ്‍ മസ്‌ക് പറഞ്ഞത്.












Click it and Unblock the Notifications