പാകിസ്താനികള്‍ക്ക് യുഎഇ വിസ നിഷേധിച്ചോ? വിശദീകരണം... യാത്രാ വിലക്കുമായി സൗദി അറേബ്യ
ദുബായ്: പാകിസ്താനുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. യുഎഇ പാകിസ്താന്‍ക്കാര്‍ക്ക് വിസ നല്‍കുന്നത് നിരോധിച്ചു എന്നാണ് ഒരു വാര്‍ത്ത. എല്ലാ പാകിസ്താന്‍കാര്‍ക്കും നിരോധനമില്ല. പകരം പാകിസ്താനിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നിരോധനം എന്ന് വാര്‍ത്തകള്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണ് എന്ന് യുഎഇ അറിയിച്ചു.
കൂടാതെ അവര്‍ വിശദീകരണവും നല്‍കി. അതിനിടെയാണ് പാകിസ്താനിലേക്ക് പോകരുത് എന്ന് പൗരന്മാര്‍ക്ക് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്...

പാകിസ്താന്‍കാര്‍ക്ക് വിസ നല്‍കുന്നില്ല എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കറാച്ചിയിലെ യുഎഇ കോണ്‍സല്‍ ജനറല്‍ ബഖീത് അതീഖ് അറിയിച്ചു. യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പാക് പൗരന്മാര്‍ക്ക് വിസ അനുവദിക്കാന്‍ താന്‍ മുന്‍കൈയ്യെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ വിസ നല്‍കുന്നത് നിര്‍ത്തി എന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്താനില്‍ വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് യുഎഇ പ്രതിനിധിയുടെ വിശദീകരണം.

പാകിസ്താനിലെ ചില പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിസ അനുവദിക്കുന്നത് നിര്‍ത്തി എന്നായിരുന്നു വാര്‍ത്ത. ഈ സ്ഥലങ്ങളുടെ പേരും പ്രചരിച്ചിരുന്നു. ഈ സ്ഥലങ്ങളിലുള്ളവര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷ തള്ളുക മാത്രമല്ല, ഫീസ് തിരിച്ചുതരില്ലെന്നും വാര്‍ത്തകളില്‍ പറയുന്നു. ഇതോടെയാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമായതും യുഎഇ പ്രതിനിധി വാര്‍ത്ത നിഷേധിച്ച് രംഗത്തുവന്നതും.

അതേസമയം, പാകിസ്താനിലേക്കുള്ള യാത്രയ്ക്ക് ജാഗ്രതാ നിര്‍ദേശവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇതില്‍പ്പെടും. പാകിസ്താനില്‍ ആക്രമണ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇസ്ലാമാബാദില്‍ കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നിരുന്നു. ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് അമേരിക്കയും ബ്രിട്ടനും സൗദിയും ഓസ്‌ട്രേലിയയും പാകിസ്താനിലേക്ക് പോകുന്നവരോട് ശ്രദ്ധിക്കാന്‍ നിര്‍ദേശിച്ചത്. അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ വേഗം പാകിസ്താനില്‍ നിന്ന് മടങ്ങണമെന്നും ഓസ്‌ട്രേലിയ നിര്‍ദേശിച്ചു.

പാകിസ്താന്റെ തലസ്ഥാനമാണ് ഇസ്ലാമാബാദ്. ഇവിടെയുള്ള സൗദി പൗരന്മാര്‍ സൗദിയുടെ എംബസിയുമായും കോണ്‍സുലേറ്റുകളുമായും വേഗം ബന്ധപ്പെടണം എന്നാണ് സൗദിയുടെ മുന്നറിയിപ്പ്. പാകിസ്താനിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ യാത്ര മാറ്റിവെക്കണമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. അടിയന്തരമായ ആവശ്യങ്ങളാണെങ്കില്‍ അതീവ ജാഗ്രതയോടെ മാത്രമേ യാത്ര പാടുള്ളൂ എന്നും ഓസ്‌ട്രേലിയന്‍ ഭരണകൂടം നിര്‍ദേശത്തില്‍ പറയുന്നു.












Click it and Unblock the Notifications