റഷ്യന്‍ എംബസികള്‍ ഐസിസ് നോട്ടമിട്ടു, പുടിന് വെപ്രാളം, ഇനിയും രക്തം ചിന്തുമോ?
തുര്‍ക്കിയില്‍ അംബാസഡര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പ് റഷ്യയെ വിറപ്പിച്ച് മറ്റൊരു വാര്‍ത്ത. റഷ്യയുടെ എല്ലാ എംബസികളും ഐസിസ് നോട്ടമിട്ടിട്ടുണ്ടെന്നാണ് പുതിയ റിപോര്‍ട്ട്
മോസ്‌കോ: തുര്‍ക്കിയില്‍ അംബാസഡര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പ് റഷ്യയെ വിറപ്പിച്ച് മറ്റൊരു വാര്‍ത്ത. റഷ്യയുടെ എല്ലാ എംബസികളും ഐസിസ് നോട്ടമിട്ടിട്ടുണ്ടെന്നാണ് പുതിയ റിപോര്‍ട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളിലുള്ള എല്ലാ കാര്യാലയങ്ങളുടെയും സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ് പുടിന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ച തുര്‍ക്കിയിലും ജര്‍മന്‍ തലസ്ഥാനത്തുമുണ്ടായ ആക്രമണം ലോക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ജര്‍മന്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഐസിസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അവര്‍ റഷ്യന്‍ എംബസികള്‍ മാര്‍ക്ക് ചെയ്‌തെന്ന വിവരം വരുന്നത്. റഷ്യന്‍ എംബസികളുടെ വിലാസവും മറ്റു കാര്യങ്ങളും അടങ്ങിയ പിഡിഎഫ് ഐസിസ് നേതാക്കള്‍ അംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഇതിന്റെ പകര്‍പ്പുകള്‍ വിദേശമാധ്യമങ്ങള്‍ക്ക് ലഭിച്ചു.

തന്റെ സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ചു രഹസ്യ പോലിസിനോട് തിരക്കിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വിദേശത്തും സ്വദേശത്തും തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശം നല്‍കി. ഉന്നത സുരക്ഷാ വിഭാഗവുമായി അദ്ദേഹം പ്രത്യേകം ചര്‍ച്ച നടത്തി. റഷ്യന്‍ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സുരക്ഷിതരായിരിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നും പ്രസിഡന്റ് സുരക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടു. സിറിയയില്‍ തങ്ങള്‍ക്കെതിരേ റഷ്യന്‍ സൈന്യം ശക്തമായ ആക്രമണം തുടരുന്നതാണ് ഐസിസിനെ പ്രകോപിപിച്ചത്.

വിദേശത്തുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായം തേടാവുന്നതാണെന്നു പുടിന്‍ വ്യക്തമാക്കി. വിദേശത്തുള്ള ഒരു റഷ്യക്കാരനും അപകടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. തുര്‍ക്കി പോലിസുകാരന്‍ അങ്കാറയിലെ റഷ്യന്‍ സ്ഥാനപതിയെ തിങ്കളാഴ്ചയാണ് വെടിവച്ച് കൊന്നത്. ചിത്രപ്രദര്‍ശനത്തിന് എത്തിയതായിരുന്നു അംബാസഡര്‍ ആന്‍ഡ്രി കര്‍ലോവ്.

സിറിയയിലെ പ്രശ്‌നങ്ങളാണ് അംബാസഡറുടെ കൊലപാതകത്തിന് പ്രേരകമായതെന്ന് വ്യക്തമായിട്ടുണ്ട്. സിറിയയിലെ കാര്യങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞാണ് അക്രമി വെടിയുതിര്‍ത്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഭീകര പ്രവര്‍ത്തനമാണ് നടന്നതെന്ന് റഷ്യ കുറ്റപ്പെടുത്തി. സംഭവം റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമോ എന്ന ആശങ്കക്കിടെയാണ് ഐസിസിന്റെ പുതിയ നീക്കങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

തങ്ങളുടെ അംബാസഡര്‍ കൊല്ലപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് റഷ്യ തുര്‍ക്കിയിലേക്ക് പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. റഷ്യന്‍ സംഘം അങ്കാറയിലെത്തിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. തുര്‍ക്കി പോലിസിന്റെ സഹായത്തോടെയാവും അന്വേഷണം. അങ്കാറയിലെ റഷ്യന്‍ കാര്യാലയത്തിന് തുര്‍ക്കി പോലിസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications