ലോകത്തെ ആദ്യത്തെ ഇസ്ലാമിക് റൗട്ടര്‍ ദുബായില്‍ പുറത്തിറക്കി
ദുബായ്: ലോകത്ത് ആദ്യമായി ഇസ്ലാമിക് ഐടി ഉത്പന്നങ്ങള്‍ വിപണിയിലിറക്കി ലോക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ് കണ്‍സെപ്റ്റ്‌സ്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഐടി പ്രദര്‍ശന മേളയായ ജൈറ്റക്‌സിലാണ് മൂന്ന് തരം ഉത്പന്നങ്ങള്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇസ്ലാമിക് റൗട്ടര്‍, ഇസ്ലാമിക കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആപ്ലിക്കേഷന്‍, ഇസ്ലാമിക് ടാബ് എന്നീ ഉത്പന്നങ്ങളാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
ഇസ്ലാമിക് റൗട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് താമസ ഇടങ്ങളിലെ ബാങ്കിന്റെ സമയം സ്വയം മനസ്സിലാക്കി റൗട്ടറില്‍ നിന്നും ബാങ്ക് വിളി ഉയരും. റൗട്ടറില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക രീതിയിലുള്ള ഫയര്‍വാള്‍ റൗട്ടറുമായി കണക്ട് ചെയ്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഉപകരണങ്ങളേയും നിരോധിക്കപ്പെട്ടതോ അശ്ലീലം നിറഞ്ഞതോ ആയ സൈറ്റിലേക്കുള്ള സന്ദര്‍ശനത്തെ തടയും. കുട്ടികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഏതൊക്കെ സൈറ്റുകളാണ് സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്നതെന്നും ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുവാനുള്ള സമയവും മറ്റും ക്യത്യമായി നിയന്ത്രിക്കുവാന്‍ കഴിയമെന്ന പ്രത്യേകതയും പുതിയ ഇസ്ലാമിക് റൗട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്ത് എവിടെ നിന്നും റൗട്ടറിലേക്ക് ഉപഭോക്താവിന് പ്രവേശിക്കാന്‍ കഴിയും. ഇതുവഴി വീട്ടിലുള്ളവര്‍ ഏതൊക്കെ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ ലോകത്ത് എവിടെ ഇരുന്നും നിയന്ത്രിക്കാനാവും. റൗട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇസ്ലാമിക് ചരിത്ര കഥകളും സംഭവങ്ങളും ഓഡിയോ രൂപത്തില്‍ വീട്ടിലുള്ളവരെ കേള്‍പ്പിക്കാനും റൗട്ടറില്‍ സംവിധാനമുണ്ട്. ലോകത്ത് ഏത് രാജ്യത്തും റൗട്ടറുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും വിവിധ ഭാഷകളിലുള്ള പ്രോഗ്രോമുകള്‍ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി സിഇഒ ആസിം സജ്വാനി വ്യക്തമാക്കി.
ഖുര്‍ആന്‍ പാരായണം, ഇസ്ലാമിക് ചരിത്രങ്ങള്‍, സകാത് നല്‍കേണ്ട കണക്ക്, ലോക പണ്ഡിതരുമായുള്ള ആശയ വിനിമയം, സംശയ നിവാരണം, കുട്ടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഖുര്‍ആന്‍ പരിഭാഷ, ഹദീസുകള്‍ തുടങ്ങി മുഴവന്‍ ഇസ്ലാമിക് കാര്യങ്ങളും പീസ് ടിവി ലൈവ് സംപ്രേഷണവും ഒത്തൊരുമിക്കുന്ന രീതിയിലാണ് ഐമുര്‍ശിദ് എന്ന പേരില്‍ സമ്പൂര്‍ണ്ണ ഇസ്ലാമിക് ആപ് പുറത്തിറക്കിയിരിക്കുന്നത്.

യഥാര്‍ത ആശയങ്ങളാണെന്ന് തെറ്റിദ്ദരിപ്പിച്ച് ലക്ഷക്കണക്കിന് വീഡിയോകളും മെസ്സേജുകളും ഗൂഗള്‍ അടക്കമുള്ള സെര്‍ച്ച് സംവിധാനത്തില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നും, ഇത്തരം വീഡിയോകളെ ആശ്രയിക്കുന്നവര്‍ക്ക് ശരിയായ ഇസ്ലാമിക ചരിത്രങ്ങളും നിയമങ്ങളും മനസ്സിലാക്കാന്‍ ഏറെ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ആശയത്തിന് ചുക്കാന്‍ പിടിച്ച കമ്പനിയെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഇസ്ലാമിക് പണ്ഡിതന്‍ ഡോ.സാക്കിര്‍ നായിക് അഭിനന്ദിച്ചു.
ശരിയായ പണ്ഡിതരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്തു മാത്രമെ ആപ് പ്രവര്‍ത്തിക്കുകയുള്ളുവെന്നും ഉയര്‍ന്ന ക്വാളിറ്റിയില്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളുവെന്നും കമ്പനി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതിന്റെ ഭാഗമാകുന്നതെന്നും സാക്കിര്‍ നായിക് അഭിപ്രായപ്പെട്ടു. പ്രശസ്ത ഇസ്ലാമികി പണ്ഡിതന്‍ അസീം അല്‍ ഹക്കീമും ചടങ്ങില്‍ പങ്കെടുത്തു. ഇവരടക്കമുള്ള ഇസ്ലാമിക് പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏറെ തെറ്റിദ്ദരിക്കപ്പെട്ട മതമാണ് ഇസ്ലാമെന്നും അത് മാറ്റിയെടുക്കുകയാണ് ഇത്തരം സംരഭങ്ങളില്‍ പങ്കാളിയാകുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അസീം അല്‍ ഹക്കീം അഭിപ്രായപ്പെട്ടു.
വിവാഹപൂര്‍വ്വ കൗണ്‍സലിങ്, കുടുംബങ്ങള്‍ക്കുള്ള കൗണ്‍സലിംങ്, കുട്ടികളെ പരിപാലിക്കുന്ന രീതി എന്നിവയെ കുറിച്ച് ലോക പണ്ഡിതരുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയും. ഇസ്ലാമിക് കാര്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടു തന്നെയാണ് പുതിയ ടാബും കമ്പനി പുറത്തിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications