ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ഐസിസ് ഒരുങ്ങുന്നു
വാഷിംഗ്ടണ്‍: ഇറാഖിലും സിറിയയിലും ജനജീവിതം നരകതുല്യമാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ നിന്നും ലഭിച്ച ഒരു രേഖ ഉദ്ധരിച്ച് യു.എസ്.എ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക്, അഫ്ഗാന്‍ താലിബാനുകളെ ഒന്നിപ്പിച്ച് ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുകയാണ് ഐസിസിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
'ഇസ്ലാമിക് സ്‌റ്റേറ്റ് ഖിലാഫത്തിന്റെ ചരിത്രം; പ്രവാചകന്റെ ദര്‍ശനങ്ങളിലെ ഖിലാഫത്ത്' എന്ന പേരിലുള്ള 32 പേജുള്ള രേഖകളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചരിത്രവും ഭാവി പരിപാടികളും ഉണ്ടെന്ന് പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റേത് തന്നെയാണ് ഈ രേഖകളെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയെ ആക്രമിക്കുന്നതിലൂടെ അമേരിക്കയെ പ്രകോപിപ്പിക്കുകകൂടിയാണ് ഐസിസിന്റെ ലക്ഷ്യം. അമേരിക്ക ഇവിടെയും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്താല്‍ ലോകമുസ്ലീം ജനതയെ അമേരിക്കയ്‌ക്കെതിരെ തിരിച്ചുവിടാമെന്നും അത് ഒരു മൂന്നാം ലോക മഹായുദ്ധത്തിനുതന്നെ വഴിതെളിക്കുമെന്നും ഐസിസ് കണക്കുകൂട്ടുന്നു.
ഇന്ത്യാ പാക് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ഇന്ത്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ കൂട്ടുപിടിച്ച് ആക്രമണത്തിന് ഒരുങ്ങുന്നത്.












Click it and Unblock the Notifications