ഹിസ്ബുള്ളയുമായി ഇസ്രായേലിന്റെ വെടിനിർത്തല്‍ കരാർ: ലംഘനമുണ്ടായാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു
ടെല്‍അവീവ്: ഹിസ്ബുള്ളയുമായുള്ള വെടിനിർത്തല്‍ കരാർ അംഗീകരിച്ച് ഇസ്രായേല്‍. ചൊവ്വാഴ്ച ചേർന്ന ഇസ്രായേല്‍ സുരക്ഷാ കാബിനറ്റാണ് ലെബനനിലെ ഹിസ്ബുള്ളയുമായുള്ള വെടിനിർത്തല്‍ കരാറിന് അംഗീകാരം നല്‍കിയിരിക്കുന്നത്. വെടിനിർത്തൽ ബുധനാഴ്ച രാവിലെ ആരംഭിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവും ബൈഡനും പ്രത്യേക ഇടവേളകളിൽ കരാർ പ്രഖ്യാപിക്കുമെന്നാണ് വെടിനിർത്തല്‍ കരാർ വാർത്ത ആദ്യമായി പുറത്തുവിട്ട ദ ഹില്‍ റിപ്പോർട്ട് ചെയ്യുന്നത്.
വെടിനിർത്തല്‍ കരാർ നടപ്പിലാകുന്ന കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കരാർ കാലാവധിയില്‍ ഹിസ്ബുള്ളയുടെ പുനഃസജ്ജീകരണത്തിനായി നടക്കുന്ന ഏതൊരു ശ്രമവും കരാറിൻ്റെ ലംഘനമാകുമെന്നും, അത്തരത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ഇസ്രായേൽ ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ചേർന്ന ഇസ്രായേൽ സുരക്ഷാ കാബിനറ്റില്‍ വോട്ടെടുപ്പ് നടത്തിയതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നതെന്ന് അന്താരാഷ്ട വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്യുന്നു. കരാറുമായി മുന്നോട്ട് പോകരുതെന്ന നിലപാടിലായിരുന്നു തീവ്രജൂതപക്ഷം. പ്രഖ്യാപനം ഉടൻ മുഴുവൻ കാബിനറ്റിലും അവതരിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു പ്രസംഗത്തിൽ പറഞ്ഞു.
'നമ്മള്‍ മിഡിൽ ഈസ്റ്റിൻ്റെ മുഖം മാറ്റുകയാണ്. ഒരു നല്ല ഉടമ്പടി നടപ്പിലാക്കാൻ കഴിയുന്ന ഒരു കരാറാണ്' രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞു. ഹമാസിനെ ഒറ്റപ്പെടുത്തുകയും ബന്ദികളാക്കിയവരുടെ തിരിച്ചുവരവ് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വെടിനിർത്തലിൻ്റെ പ്രാഥമിക കാരണങ്ങളിലൊന്ന്. നമ്മള്‍ ഹിസ്ബുള്ളയെ പതിറ്റാണ്ടുകളോളം പിന്നോട്ട് തള്ളിവിട്ടു. മൂന്ന് മാസം മുമ്പ് വരെ ഇത് ഒരു നടക്കാത്ത കാര്യമായി തോന്നുമായിരുന്നു. പക്ഷെ അത് നമ്മള്‍ ചെയ്തുവെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളെ ഉന്മൂലനം ചെയ്യാൻ ഇസ്രായേൽ നടത്തിയ പ്രവർത്തനങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചിരുന്നു.
സംഘർഷം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശം ഇസ്രായേൽ താത്കാലികമായി അംഗീകരിച്ചതിന്റെ ഫലം കൂടിയാണ് ഇന്നത്തെ വെടിനിർത്തല്‍ കരാർ. സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും മേഖലയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഹിസ്ബുല്ല 250-ലധികം റോക്കറ്റുകളും ഡ്രോണുകളും വടക്കൻ - മധ്യ ഇസ്രായേലിലേയ്ക്ക് പ്രയോഗിച്ചു.












Click it and Unblock the Notifications