ഇസ്രായേല്‍ ഒടുവില്‍ സമ്മതിച്ചു; ഗാസയില്‍ പകല്‍ ഇളവ് നല്‍കാം, പ്രത്യേക റൂട്ടുകള്‍ അനുവദിച്ചു
ടെല്‍ അവീവ്: ഗാസയില്‍ ഭക്ഷണവും മരുന്നും എത്തിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ച് ഇസ്രായേല്‍ സൈന്യം. പ്രത്യേക പാതയിലൂടെ മരുന്നും ഭക്ഷണവും എത്തിക്കുന്നതിന് പകല്‍ സമയങ്ങളില്‍ ഇളവ് നല്‍കുമെന്നാണ് അറിയിപ്പ്. രാജ്യാന്തര തലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ നിലപാട് മയപ്പെടുത്തിയത്. ഗാസയില്‍ പട്ടിണി മരണം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെയും ആക്രമണം നടത്തി നിരവധി പേരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി വലിയ വിവാദമായിരുന്നു. യുഎന്‍ സഹായ സംഘങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതും രാജ്യാന്തര വേദികളില്‍ പ്രതിഷേധത്തിന് ഇടയാക്കി. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോെടയാണ് സമ്മര്‍ദ്ദം ശക്തമായതും ഇളവ് നല്‍കാന്‍ ഇസ്രായേല്‍ തയ്യാറായതും.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഭക്ഷണം തേടിയെത്തിയ 42 പേര്‍ ഉള്‍പ്പെടെ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. പട്ടിണി കിടന്ന് അഞ്ച് പേര്‍ കൂടി മരിച്ചു എന്ന വാര്‍ത്തയും ഗാസയില്‍ നിന്ന് വന്നു. ഗാസയിലെ പലസ്തീന്‍കാര്‍ക്ക് സഹായം എത്തിക്കാന്‍ വന്ന ഹന്ദല ബോട്ട് സംഘത്തെ ഇസ്രായേല്‍ സൈന്യം പിടികൂടി. ബോട്ടിലുണ്ടായിരുന്ന 21 പേരെ തടവിലാക്കി. ഇവര്‍ ഇസ്രായേലിന്റെ ഉപരോധം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.
സൈന്യത്തിന്റെ പുതിയ അറിയിപ്പ്
ഗാസയിലെ ചില പ്രദേശങ്ങളിലാണ് ഇസ്രായേല്‍ സൈനിക നീക്കം നിര്‍ത്തിവച്ചിരിക്കുന്നത്. സഹായ വസ്തുക്കള്‍ എത്തിക്കുന്നതിനാണിത് എന്ന് സൈന്യം അറിയിച്ചു. അല്‍ മവാസി, ദെയ്‌റുല്‍ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് ഇളവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ ഇവിടെ സൈനിക നടപടിയുണ്ടാകില്ല എന്ന് സൈന്യം എക്‌സില്‍ അറിയിച്ചു.
ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര സഹായ സംഘങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് നടപടി. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു എന്നും സൈന്യം അറിയിച്ചു. സഹായ വസ്തുക്കള്‍ എത്തിക്കുന്നതിന് പ്രത്യേക പാതകള്‍ നിശ്ചയിച്ചു. രാവിലെ ആറ് മണി മുതല്‍ രാത്രി 11 മണി വരെയാണ് ഈ പാതകളില്‍ സഹായ വസ്തുക്കള്‍ കൊണ്ടുപോകാന്‍ അനുവദിക്കുക.
ഏത് സമയവും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും
ഗാസയില്‍ ഏത് സമയവും ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട് എന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു. ആഴ്ചകളായി ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്. ഏത് സമയവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചേക്കുമെന്ന് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി ബന്ദികളില്‍ പകുതി പേരെ മോചിപ്പിക്കുന്നതിന് പകരം വെടിനിര്‍ത്തല്‍ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ബന്ദികളില്‍ ചിലര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കൈമാറുകയും ചെയ്യും. 60 ദിവസത്തിനകം ബാക്കി ബന്ദികളെയും ഹമാസ് വിട്ടയക്കും എന്ന ധാരയാണ് വരുന്നതെന്നും റുബിയോ സൂചിപ്പിച്ചു.












Click it and Unblock the Notifications