പലസ്തീന്‍ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ ആക്രമണം; 15കാരന്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു
റാമല്ല: പലസ്തീനിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ച ആരോഗ്യ വൃത്തങ്ങള്‍, 95 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും വ്യക്തമാക്കി. ഖാലിദ് ദര്‍വീശ് (21), ഖസ്സാം സരിയ (19), അഹമ്മദ് സഖര്‍ (15), ഖസ്സാം ഫൈസല്‍ (29) എന്നിവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പങ്കുവച്ചു.
കേസില്‍ പ്രതികളായ രണ്ടുപേരെ പിടികൂടാനാണ് വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാംപിലെത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഈ വേളയില്‍ സൈനികര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായി. തുടര്‍ന്നാണ് സൈന്യം തിരിച്ചുവെടിവച്ചതെന്നും അവര്‍ അറിയിച്ചു. ആയുധ ധാരികളെ പിടികൂടാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു.

ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജയില്‍ കഴിയുന്ന ഹമാസ് നേതാവിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരെ തിരഞ്ഞാണ് സൈനികര്‍ എത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. ക്യാംപിലുണ്ടായിരുന്നവര്‍ ശക്തമായ കല്ലേറ് നടത്തി. വെടിവച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് സൈന്യം ക്യാംപില്‍ നിന്ന് പുറത്തേക്ക് പിന്മാറി.
ഇസ്രായേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി ലഭിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഹെലികോപ്റ്ററില്‍ കൂടുതല്‍ സൈനികരെത്തിയത്. ഇവര്‍ ആയുധ ധാരികളായ പലസ്തീന്‍കാര്‍ക്ക് നേരെ ആക്രമണം നടത്തിയതോടെ അവര്‍ പിന്മാറി. തുടര്‍ന്നാണ് സൈനിക വാഹനത്തിന് ക്യാംപില്‍ നിന്ന് പുറത്തുകടക്കാനായത്. ക്യാംപിലേക്ക് റോക്കറ്റ് തൊടുത്തുവിടുന്ന ഇസ്രായേല്‍ ഹെലികോപ്റ്ററിന്റെ ദൃശ്യം സനദ് ഏജന്‍സി പുറത്തുവിട്ടു.
ക്യാംപില്‍ നിന്ന് പിന്മാറിയ ഇസ്രായേല്‍ സൈന്യം സമീപത്ത് തമ്പടിച്ചിരിക്കുകയാണ് എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ അഞ്ചാമന്റെ പേര് വ്യക്തമാക്കിയില്ല. മൃതദേഹങ്ങള്‍ ക്യാംപിനോട് ചേര്‍ന്ന ആശുപത്രിയിലേക്ക് മാറ്റി. ഏഴ് ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു.












Click it and Unblock the Notifications