ഇസ്രായേലിന് കോളടിച്ചു; കോടികളുടെ കരാറുമായി അറബ് രാജ്യം, വാതകം പൈപ്പ്‌ലൈനിലൂടെ എത്തും
ടെല്‍ അവീവ്: പലസ്തീനെതിരായ ആക്രമണത്തില്‍ ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം നിലനില്‍ക്കെ മറ്റൊരു വാര്‍ത്ത. ഇസ്രായേലുമായി കോടികളുടെ വാതക കരാര്‍ ഒപ്പുവച്ചിരിക്കുകയാണ് ഈജിപ്ത്. ഇസ്രായേലിന്റെയും പലസ്തീന്റെയും അയല്‍ രാജ്യമായ ഈജിപ്തിലും ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമാണ്. ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള ഏതാനും മുസ്ലിം രാജ്യങ്ങളില്‍ ഒന്നാണ് ഈജിപ്ത്.
ഇസ്രായേലിലെ ലെവിയാത്തന്‍ വാതക പാടത്ത് നിന്നുള്ള വാതകം പൈപ്പ് ലൈന്‍ വഴി ഈജിപ്തിലെത്തിക്കുന്നതാണ് പദ്ധതി. 3500 കോടി ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാതക കയറ്റുമതി കരാറാണിത്. ഇസ്രായേലിലെ പ്രമുഖ ഊര്‍ജ കമ്പനിയായ ന്യൂമെഡുമായിട്ടാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളായിട്ടാണ് കരാര്‍ പൂര്‍ത്തിയാക്കുക. അടുത്ത വര്‍ഷം ആദ്യത്തില്‍ 20 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ഗ്യാസ് പൈപ്പ് ലൈന്‍ വഴി ഈജിപ്തിലെത്തിക്കും. ബാക്കി ഘട്ടങ്ങളായി അടുത്ത പത്ത് വര്‍ഷത്തിനകവും. 2018ല്‍ ഇസ്രായേലും ഈജിപ്തും വാതക കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിന്റെ വിപുലീകരിച്ച കരാറാണ് ഇന്നലെ ഒപ്പുവച്ചത്. വര്‍ഷത്തില്‍ 4.5 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകം നല്‍കണം എന്ന 2018ലെ കരാര്‍ പൂര്‍ണതോതില്‍ നടപ്പാക്കാനായിരുന്നില്ല.
ഇസ്രായേല്‍-ഹമാസ് യുദ്ധം ശക്തമായതോടെ വാതകത്തിന്റെ കയറ്റുമതി ഇസ്രായേലിന് പൂര്‍ണതോതില്‍ സാധ്യമായിരുന്നില്ല. 2030ഓടെ ഈ കരാര്‍ കാലാവധി പൂര്‍ത്തിയാകും. ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രായേലിന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടങ്ങളില്‍ ഒന്നാണ് ഈ കരാര്‍. ഈജിപ്ത് സ്വന്തമായി വാതകം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതിസന്ധി നേരിടുന്നുണ്ട്.
എല്‍എന്‍ജിയും ഗ്യാസും തമ്മിലുള്ള വ്യത്യാസം ഇതാണ്
ഈ സാഹചര്യത്തില്‍ ഇസ്രായേലുമായുള്ള പുതിയ കരാര്‍ നേട്ടമാകുമെന്ന് ഈജിപ്ത് ഭരണകൂടം കരുതുന്നു. വൈദ്യുതി ഉല്‍പ്പാദനത്തിനാണ് ഈജിപ്ത് പ്രധാനമായും വാതകം ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് വേനലിലും കടുത്ത വൈദ്യതി ക്ഷാമം ഈജിപ്ത് നേരിട്ടിരുന്നു. ഏറെ നേരം വൈദ്യുതി ഇല്ലാത്ത അവസ്ഥയുമുണ്ടായി. ഇതില്‍ പരിഹാരം എന്ന നിലയിലാണ് ഇസ്രായേലുമായുള്ള പുതിയ കരാര്‍.
കഴിഞ്ഞ വര്‍ഷം വാതകം ഇറക്കുമതി വിജയിക്കാതെ വന്നതോടെ ഈജിപ്ത് എല്‍എന്‍ജി ഇറക്കുമതി ചെയ്തിരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഈജിപ്തിന് വരുത്തി വച്ചത്. 2024ല്‍ 1200 കോടി ഡോളറിന് ഇറക്കിയ എല്‍എന്‍ജിക്ക് ഈ വര്‍ഷം 1900 കോടി ഡോളര്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഈജിപ്ത് ഉപയോഗിക്കുന്ന 20 ശതമാനം വാതകം ഇറക്കുന്നത് ഇസ്രായേലില്‍ നിന്നാണ്.
വാതക രൂപത്തില്‍ കാണുന്ന ഫോസില്‍ ഇന്ധനമാണ് പ്രകൃതി വാതകം. എന്നാല്‍ ഇവ തണുപ്പിച്ച് ദ്രാവക രൂപത്തില്‍ എത്തിക്കുന്നതാണ് എല്‍എന്‍ജി. വാതകം പൈപ്പ് ലൈന്‍ വഴി മറ്റൊരിടത്തേക്ക് എത്തിക്കാം. എന്നാല്‍ വിദൂര രാജ്യങ്ങളിലേക്കും മറ്റും എത്തിക്കുന്നതിനാണ് എല്‍എന്‍ജി ആക്കുന്നത്. അതുകൊണ്ടുതന്നെ ഗ്യാസിനേക്കാള്‍ ചെലവ് കൂടുതലാണ് എല്‍എന്‍ജിക്ക്. 2018ലെ കരാറിനേക്കാള്‍ 15 ശതമാനം അധിക തുകയ്ക്കാണ് പുതിയ കരാര്‍. എങ്കിലും എല്‍എന്‍ജിയേക്കാള്‍ ലാഭം വാതകമാണ് എന്നും അത് ഇരുഭാഗത്തിനും നേട്ടമാണ് എന്നും ന്യൂമെഡ് സിഇഒ യോസി അബു പറഞ്ഞു.












Click it and Unblock the Notifications