ഇസ്രായേലിന് അടി തെറ്റിയോ; നഷ്ടം കുറയ്ക്കാന്‍ ത്വരിത നീക്കം, ഹൈഫ റിഫൈനറി പാതി അടച്ചു
ടെല്‍ അവീവ്: ഇസ്രായേലിന്റെ വരുമാന മാര്‍ഗങ്ങളെ പുതിയ യുദ്ധം ബാധിക്കുമോ. ഇസ്രായേലിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പ്രധാന ചര്‍ച്ചയാണ് ഈ വിഷയം. രാജ്യത്തെ ഊര്‍ജ വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കം ഇസ്രായേല്‍ ആരംഭിച്ചു. പ്രകൃതി വാതക മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രായേല്‍. രാജ്യത്തുടനീളം അടിയന്തരാവസ്ഥ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രകൃതി വാതക മേഖല സംരക്ഷിക്കാന്‍ ഇസ്രായേല്‍ ത്വരിത നീക്കം നടത്തുകയാണ് എന്ന് ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന് വരുമാനം ലഭിക്കുന്ന പ്രധാന മേഖലയാണ് കടല്‍ മേഖലയിലെ വാതകപാടങ്ങള്‍. ഇവിടെ നിന്ന് ഈജിപ്തിലേക്ക് വാതകം കയറ്റുമതി ചെയ്യുന്ന 3500 കോടി ഡോളറിന്റെ കരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ കരാര്‍ വൈകാനാണ് സാധ്യത.

റിഫൈനറികളുടെ പ്രവര്‍ത്തനം കുറയ്ക്കാനാണ് ഇസ്രായേല്‍ തീരുമാനം. പ്രകൃതി വാതക കേന്ദ്രങ്ങളില്‍ ചിലത് അടച്ചിടാനും ആലോചനയുണ്ട്. ഹൈഫ റിഫൈനറി ഭാഗികമായി അടച്ചിടുമെന്ന് ബാസന്‍ ഗ്രൂപ്പ് അറിയിച്ചു. കടലിലെ വാതക കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ ഊര്‍ജ വകുപ്പ് മന്ത്രി എലി കോഹന്‍ നിര്‍ദേശിച്ചു. വൈകാടെ വാതക മേഖലയില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേല്‍ കനത്ത ജാഗ്രതയിലാണ്. മിസൈലുകളുടെ സാംപിള്‍ മാത്രമാണ് പുറത്തെടുത്തതെന്നും വീര്യമേറിയ മിസൈലുകള്‍ വൈകാതെ ഉപയോഗിക്കുമെന്നും ഇറാന്‍ അറിയിച്ചു. അതേസമയം, ഇസ്രായേലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിമാനത്താവളും അടച്ചു. ചില പ്രദേശങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് നിര്‍ദേശമുണ്ട്. ഹൈഫ തുറമുഖത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണം സൗദി അറേബ്യ സ്ഥിരീകരിച്ചു
അതേസമയം, റിയാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം നടന്നുവെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. എന്തു കാരണം പറഞ്ഞാലും ഈ ആക്രമണം ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രായലം പ്രസ്താവനയില്‍ പറയുന്നു. ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമപാത ഉപയോഗിക്കരുത് എന്ന് നേരത്തെ സൗദി അറേബ്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പല രാജ്യങ്ങളും ഇറാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുകയാണ്. ടെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണം എന്നും സുരക്ഷിത മേഖലയിലേക്ക് നീങ്ങണം എന്നും ഇറാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടു. അതേസമയം, റഷ്യ തങ്ങളുടെ പൗരന്മാരെ അര്‍മേനിയ, അസര്‍ബൈജാന്‍ വഴി ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുമെന്ന് വാര്‍ത്തകളുണ്ട്. ഇവിടെയുള്ള തങ്ങളുടെ പൗരന്മാരോട് പുറത്തുകടക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടു. നിരവധി വിദേശികള്‍ ലബ്‌നാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പതിവ് സന്ദര്‍ശകരാണ്.












Click it and Unblock the Notifications