ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി
ഇസ്രായേലിനൊപ്പം നിലയുറപ്പിച്ചവരാണ് യൂറോപ്പുകള്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നവര്‍. എന്നാല്‍ അടുത്ത കാലത്ത് യൂറോപ്പില്‍ ചില എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇസ്രായേലിനൊപ്പം നിന്നാല്‍ മാനവസമൂഹം എതിരാകുമെന്ന ആശങ്ക. ഇസ്രായേലിനും ബെഞ്ചമിന്‍ നെതന്യാഹുവിനും എപ്പോഴും പിന്തുണ നല്‍കിയിരുന്ന ഇറ്റലി ഒടുവില്‍ കളംമാറി.
ഇസ്രായേലുമായി അകലം പാലിക്കാനാണ് ഇറ്റലിയുടെ തീരുമാനം. പ്രധാനമന്ത്രി ജോര്‍ജിയ മെലോനി ഇസ്രായേലുമായുള്ള പ്രതിരോധ കരാര്‍ റദ്ദാക്കി. ഇസ്രായേലുമായുള്ള എല്ലാ വ്യാപാര-പ്രതിരോധ കരാറുകളും റദ്ദാക്കണം എന്ന് യൂറോപ്പിലെ പല രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. ലബ്‌നാനില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളാണ് ഇസ്രായേലിന് തിരിച്ചടി ലഭിക്കാന്‍ കാരണം.

2023ല്‍ ഗാസയില്‍ ഇസ്രായേല്‍ തുടങ്ങിയ ശക്തമായ ആക്രമണമാണ് യൂറോപ്പിനെ മാറ്റി ചിന്തിപ്പിച്ചത്. കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ കൊലപ്പെടുത്തുകയും ആശുപത്രികളും സ്‌കൂളുകളുമെല്ലാം തകര്‍ക്കുകയും ചെയ്ത ആക്രമണം സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, അയര്‍ലാന്റ് എന്നീ രാജ്യങ്ങളെ പരസ്യമായി ഇസ്രായേലിന്റെ എതിര്‍ചേരിയിലാക്കി.
ഗാസയില്‍ നടത്തിയ കൂട്ടക്കൊല, വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ചെയ്യുന്ന ക്രൂരതകള്‍, ലബ്‌നാനിലെ ആക്രമണം എന്നിവയെല്ലാം യൂറോപ്പില്‍ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. വ്യാപാര-പ്രതിരോധ കരാറുകള്‍ ഒപ്പുവയ്ക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കുന്ന ഒന്ന് ആ രാജ്യത്തെ മനുഷ്യാവകാശമാണ്. ഇവിടെയാണ് ഇസ്രായേലിന് മാര്‍ക്ക് കുറഞ്ഞത്.
ഇസ്രായേലും ഇറ്റലിയും തമ്മിലുള്ള പ്രശ്‌നം ഇതാണ്
ലബ്‌നാനില്‍ യുഎന്‍ സമാധാന സേനയുടെ ഭാഗമായി ഇറ്റലിയുടെ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇറ്റാലിന്‍ സൈന്യത്തിന് നഷ്ടം വരുത്തിയ ഈ ആക്രമണത്തെ ഇറ്റലി അപലപിച്ചു. ഇസ്രായേലിന്റെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു.
രണ്ടാമതൊരു ഗാസ ലബ്‌നാനില്‍ സംഭവിക്കാന്‍ പാടില്ലെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ ടജാനി പ്രതികരിച്ചു. ഈ പ്രസ്താവനയില്‍ പ്രതിഷേധം അറിയിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം ഇറ്റലിയുടെ അംബാസഡറെ വിളിപ്പിച്ചു. ഇസ്രായേലുമായുള്ള ബന്ധം പുനപ്പരിശോധിക്കണം എന്ന ആവശ്യം ഇറ്റലിയില്‍ ശക്തമായി. ഇതോടെയാണ് ഇസ്രായേലുമായുള്ള പ്രതിരോധ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.
2003ല്‍ ഒപ്പുവച്ച ഇസ്രായേല്‍-ഇറ്റലി പ്രതിരോധ കരാര്‍ നിലവില്‍ വന്നത് 2006ലാണ്. ആയുധ കൈമാറ്റം, സംയുക്ത സൈനിക അഭ്യാസം, ഗവേഷണ സഹകരണം, സൈനിക പരിശീലനം എന്നിവ ഉള്‍പ്പെടുന്ന കരാര്‍ ഒരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പുതുക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ പുതുക്കിയില്ല എന്ന് മാത്രമല്ല, റദ്ദാക്കിയതായി ഇറ്റലി അറിയിക്കുകയും ചെയ്തു.
ഇസ്രായേലിന്റെ ആയുധപുര കാലിയാകുന്നു
ഇസ്രായേലിന് ആയുധം വില്‍ക്കുന്ന പ്രധാന രാജ്യമാണ് ഇറ്റലി. ഗാസയില്‍ ആക്രമണം തുടങ്ങിയ വേളയില്‍ ഇവര്‍ ഇസ്രായേലിന് ആയുധം നല്‍കുന്നത് നിര്‍ത്തിവച്ചു. ഇതോടെ ഇസ്രായേലിന്റെ ആയുധപുര വെല്ലുവിളി നേരിടാന്‍ തുടങ്ങി. ഇയു-ഇസ്രായേല്‍ അസോസിയേഷന്‍ കരാര്‍ റദ്ദാക്കണം എന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പ് ഉടക്കിയാല്‍ ഇസ്രായേലിന് വലിയ തിരിച്ചടിയാകും.
ഇസ്രായേല്‍ 34 ശതമാനം ഇറക്കുമതി ചെയ്യുന്നത് യൂറോപ്പില്‍ നിന്നാണ്. ഇസ്രായേലിന്റെ 28 ശതമാനം കയറ്റുമതി യൂറോപ്പിലേക്കാണ്. ഇതെല്ലാം നിലച്ചാല്‍ ഇസ്രായേല്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങും. ഐക്യരാഷ്ട്രസഭയില്‍ പലപ്പോഴും ഇസ്രായേലിന്റെ രക്ഷക്ക് എത്തിയിരുന്ന ഹംഗറിയിലെ വിക്ടര്‍ ഓര്‍ബന്റെ ഭരണകൂടം താഴെവീണതും നെതന്യാഹുവിന് തിരിച്ചടിയാണ്.













Click it and Unblock the Notifications