ഗാസ നഗരത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ വ്യോമാക്രമണം, കുട്ടികളുൾപ്പെടെ 70 മരണം
ജറുസലേം: ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ് അധികൃതർ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് 70 മരണം. ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് നേരെയാണ് വ്യോമാക്രമണം നടന്നത്. ഗാസ നഗരത്തിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ചിരുന്ന കാറുകൾക്കാണ് അപകടം സംഭവിച്ചതെന്ന് ഹമാസ് മീഡിയ ഓഫീസ് അറിയിച്ചു. അതേ സമയം ഇസ്രായേൽ ഈ വ്യോമാക്രമണത്തിലൂടെ ലക്ഷ്യം വച്ചത് യാത്രക്കാരെയാണോ ഹമാസിനെയാണോ എന്ന് വ്യക്തമല്ല.
24 മണിക്കൂറിനകം ഗാസ ഒഴിഞ്ഞു പോകണമെന്ന് ഇന്നലെ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ പതിനായിരങ്ങൾ അവിടെ നിന്നും പലായനം ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ കരസേന പ്രാദേശികമായി റെയ്ഡ് നടത്തിയിരുന്നുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

സംഘത്തിലെ കാണാതായ ആളുകളെ കണ്ടെത്തുന്നതിനൊപ്പം തീവ്രവാദികളുടെ ആയുധങ്ങൾ കണ്ടെത്തി പ്രദേശം ഒഴിപ്പിക്കുക എന്നതായിരുന്നു റെയ്ഡിന്റെ ലക്ഷ്യമെന്നും ഇസ്രായേലി സൈന്യം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച്ച ഹമാസ് 150 ഇസ്രായേലികളും വിദേശികളും ഉൾപ്പെട്ടവരെ ബന്ദികളാക്കിയിരുന്നുവെന്നും കൂട്ടിച്ചേർത്തു.
ഗാസയിൽ മാത്രം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 1900 പേർ മരിച്ചു. ഇതിൽ 600 ൽ അധികം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ ഹമാസ് സംഘർഷത്തെത്തുടർന്ന് രണ്ട് രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും ലോക രാജ്യങ്ങൾ അണി നിരന്നിരുന്നു. ഇതിൽ പലസ്തീൻ അനുകൂല നിലപാടെടുത്തത് ബെയ്റൂട്ട്, ഇറാഖ്, ഇറാൻ, ജോർദാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളാണ്. പലസ്തീൻ പൗരന്മാരെ കൂട്ടക്കുരുതിക്ക് ഇരയാക്കുന്നതിൽ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
അതേ സമയം റോയിട്ടേഴ്സിലെ വീഡിയോ ജേർണലിസ്റ്റ് തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന റോയിട്ടേഴ്സ് റിപ്പോർട്ടർമാർ, അൽ ജസീറയിലെ മാധ്യമ പ്രവർത്തകർ എന്നിവർക്കും പരിക്കേറ്റു. ഗാസയിൽ 1.1 ദശലക്ഷം പേർ താമസിക്കുന്നുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ എല്ലാവരും ഗാസയുടെ തെക്ക് പ്രദേശത്തേക്ക് താമസം മാറ്റണമെന്ന ഇസ്രായേൽ സൈന്യത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്നും ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. അതേ സമയം ഇസ്രായേലി ആക്രമണത്തിൽ മരിച്ചു വീഴുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും നില കൈകാര്യം ചെയ്യാൻ ഗാസയിലെ ആശുപത്രികൾ ബുദ്ധിമുട്ടുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഗാസയിലെ ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലാണ് തുടരുന്നതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.












Click it and Unblock the Notifications