വെള്ളം പോലും കിട്ടാതെ 50,000 ഗർഭിണികൾ, ഗാസയിലെ സ്ഥിതി അതീവഗുരുതരമെന്ന് യുഎൻ ഭക്ഷ്യസംഘടന
ടെൽഅവീവ് : ഇസ്രായേൽ- ഹമാസ് സംഘർഷം ഒരാഴ്ച്ച പിന്നിടുമ്പോഴും ദുരിതക്കയത്തിൽ മുങ്ങുകയാണ് ഗാസ. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അന്താരാഷ്ട്ര സംഘടനയായ യു എൻ ഭക്ഷ്യ സംഘടന അറിയിച്ചു. 50,000 വരെ വരുന്ന ഗർഭിണികൾക്ക് ഗാസയിൽ കുടിക്കാൻ വെള്ളം പോലുമില്ല. സ്ഥിതി വളരെ മോശമാണെന്നും യു എന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.
ഇന്നലെ യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിൻകൻ ഇസ്രായേൽ സന്ദർശനം നടത്തിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, മറ്റു പ്രധാന നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രായേൽ മുൻകരുതൽ എടുക്കണമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിൻകൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുദ്ധത്തിൽ 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടെെന്ന നിഗമനത്തിലാണ് യു എൻ. അതിൽ 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. മൊത്തത്തിൽ ദുരിതക്കയത്തിലാണ് ഗാസ മേഖല തുടരുന്നത്. ജറുസലേമിൽ നിന്ന് ഏറ്റവും പുതിയതായി പുറത്തു വരുന്ന വാർത്ത അക്രമി പൊലീസ് സംഘത്തിനു നേരെ വെടിയുതിർത്തുവെന്നതാണ്.
ഹമാസിന്റെ ആക്രമണത്തിൽ 27 അമേരിക്കക്കാർ കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ് അറിയിച്ചിട്ടുണ്ട്. ഹമാസ് ബന്ധികളാക്കിയവരിൽ അമേരിക്കൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രായേലിന് യുഎസിന്റെ അടിയന്തര സൈനിക പാക്കേജ് ആയി 8 മില്യൺ നൽകി അമേരിക്ക. ഇസ്രായേലിന് നേരത്തെ പിന്തുണ പ്രഖ്യാപിച്ച അമേരിക്ക ആയുധങ്ങൾ ഉൾക്കൊള്ളുന്ന അമേരിക്കൻ യുദ്ധ വിമാനം ഇസ്രായേലിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇന്ന് ആന്റണി ബ്ലിൻകൻ അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. അതേ സമയം അമേരിക്കൻ സൈനിക വിമാനങ്ങൾ യു എ ഇ അൽഫ്രദാ എയർ ബേസിൽ എത്തിയെന്ന് പരക്കുന്ന വാർത്തകൾ തള്ളി യു എ ഇ പ്രതിരോധ മന്ത്രാലയം. വിമാനം ഇസ്രായേലിനെ സഹായിക്കാനായി അമേരിക്ക അയച്ചതാണെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അമേരിക്ക - യു എ ഇ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി മാസങ്ങൾക്കു മുൻപ് തീരുമാനിച്ച ചില പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിമാനമെത്തിയതെന്ന് യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ ഇപ്പോൾ നടക്കുന്ന യുദ്ധ സാഹചര്യങ്ങളുമായോ മറ്റോ ഒന്നും അമേരിക്കൻ വിമാനം വന്നതിന് ബന്ധമില്ലെന്നും യു എ ഇ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications