ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിർത്തല്‍ കരാർ നിലവില്‍ വന്നു: പലായനം ചെയ്തവർ കൂട്ടത്തോടെ മടങ്ങുന്നു
ബെയ്റൂത്ത്: ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ലെബനനിലെ സംഘർഷ ബാധിത മേഖലയില്‍ നിന്നും പാലായനം ചെയ്തവർ തിരിച്ച് വന്ന് തുടങ്ങി. പ്രധാനമായും തെക്കൻ ലെബനനില്‍ നിന്നും ഒഴിഞ്ഞ് പോയവരാണ് കാറുകളിലും മറ്റുമായി തങ്ങളുടെ വീടുകളിലേക്ക് തിരിച്ച് വന്നത്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകളായിരുന്നു മേഖലയില്‍ നിന്നും പാലായനം ചെയ്തത്.
ഏകദേശം 14 മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സംഘർഷം സെപ്റ്റംബർ പകുതിയോടെ സമ്പൂർണ യുദ്ധത്തിലേക്ക് വളർന്നിരുന്നു. ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ അടക്കമുള്ള ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് വെടിനിർത്തലിനുള്ള ചർച്ചകള്‍ ശക്തമായതും കരാറിലേക്ക് എത്തിയത്. വെടിനിർത്തില്‍ സംബന്ധിച്ച പ്രഖ്യാപനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം നടത്തി.

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വെടിനിർത്തല്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുകയുണ്ടായി. ഇതോടെയാണ് പലായാനം ചെയ്തവർ തിരികെ വരാന്‍ തുടങ്ങിയത്. ആയിരക്കണക്കിന് ആളുകള്‍ ഇത്തരത്തില്‍ തെക്കൻ ലെബനനിലേക്ക് പുറപ്പെട്ടതോടെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹൈവേകളില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഗതാഗത തടസ്സം രൂപപ്പെടുകയും ചെയ്തു.
വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, തുറമുഖ നഗരമായ സിഡോണിൻ്റെ വടക്കൻ പ്രവേശന ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം ഇപ്പോഴും തുടരുന്ന മേഖലകളിലേക്ക് തിരികെ വരുന്നത് ഒഴിവാക്കണമെന്ന് ലെബനീസ് സൈന്യം ആവശ്യപ്പെട്ടിട്ടും ജനങ്ങള്‍ അതിർത്തികളിലും മറ്റുമുള്ള ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തുകയാണ്.
അതേസമയം, ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തല്‍ കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാൻ ഈ നീക്കം സഹായിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് യുദ്ധത്തിൻ്റെ യുഗമല്ലാത്തതിനാൽ നയതന്ത്രത്തിൻ്റെ പാത എപ്പോഴും ഇന്ത്യ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
"ഇസ്രായേലിനും ലെബനനും ഇടയിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ നമ്മള്‍ സ്വാഗതം ചെയ്യുന്നു. സംഘർഷം കുറയ്ക്കാനും സംയമനം പാലിക്കാനും സംഭാഷണത്തിൻ്റെയും നയതന്ത്രത്തിൻ്റെയും പാതയിലേക്ക് തിരിച്ചുവരാൻ നമ്മള്‍ എല്ലായ്‌പ്പോഴും ആഹ്വാനം ചെയ്തിട്ടുണ്ട്," വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.ഈ സംഭവവികാസങ്ങൾ വിശാലമായ മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും വഴിയൊരുക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇന്ന് നിലവിൽ വന്നു. ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ള എന്ന മിലിറ്റൻ്റ് ഗ്രൂപ്പ് ലെബനൻ ആസ്ഥാനമാക്കി, ഇറാൻ്റെ പിന്തുണയുള്ള മറ്റൊരു തീവ്രവാദ ഗ്രൂപ്പായ പ്രാദേശിക സഖ്യകക്ഷിയായ ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലിനെ റോക്കറ്റുകളും പ്രൊജക്‌ടൈലുകളും ഉപയോഗിച്ച് ആക്രമിച്ചതിന് ശേഷമാണ് ഇസ്രായേലുമായുള്ള ഏറ്റവും പുതിയ സംഘർഷം ആരംഭിച്ചത്












Click it and Unblock the Notifications