ലെബനന്‍ നുഴഞ്ഞുകയറ്റത്തിനിടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍; 'യുഎന്‍ സെക്രട്ടറി ഇവിടെ കാലുകുത്തരുത്'
ടെല്‍ അവീവ്: ലെബനനിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനിടെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം. ഇസ്രായേല്‍ സൈനിക ക്യാപ്റ്റന്‍ എയ്തന്‍ ഇറ്റ്‌സാക്ക് നേരത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അറിയിച്ചിരിക്കുന്നത്. തെക്കന്‍ അതിര്‍ത്തി ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ ഇസ്രായേല്‍ സൈനികരുമായി തങ്ങളുടെ പോരാളികള്‍ ഏറ്റുമുട്ടുകയാണെന്ന് ഹിസ്ബുള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്ക് കിഴക്കന്‍ അതിര്‍ത്തി ഗ്രാമമായ അഡെയ്സെയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ സൈനികര്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഏറ്റുമുട്ടലിന്റെ തുടക്കം മാത്രമാണ് ഇത് എന്ന് ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേല്‍ സൈന്യം രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി രേഖ ഹ്രസ്വമായി ലംഘിച്ചതായി ലെബനന്‍ സൈന്യം വ്യക്തമാക്കി.

ഇറാന്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ലെബനനില്‍ ഇസ്രായേല്‍ കരയുദ്ധം ശക്തമാക്കുന്നത്. അതേസമയം ഇറാനിലേക്ക് ഏത് നിമിഷവും ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. 'മിഡില്‍ ഈസ്റ്റിലെ ഏത് സ്ഥലത്തും എത്താനും ആക്രമിക്കാനും ഞങ്ങള്‍ക്ക് കഴിവുണ്ട്. ഇതുവരെ ഇത് മനസിലാക്കാത്ത നമ്മുടെ ശത്രുക്കള്‍ക്ക് വൈകാതെ അത് ബോധ്യപ്പെടും,' ഇസ്രായേലി വ്യോമസേനാ മേധാവി പറഞ്ഞു.
ഇറാന്‍ തൊടുത്തുവിട്ട നിരവധി മിസൈലുകള്‍ ഇസ്രായേല്‍ വ്യോമസേനാ താവളങ്ങളില്‍ പതിച്ചെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് സൈന്യം പറഞ്ഞു. അതിനിടെ സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കണം എന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
'ഇങ്ങോട്ടേക്ക് വരേണ്ട'; യുഎന്‍ സെക്രട്ടറിയോട് ഇസ്രായേല്‍
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഇസ്രായേലിനെതിരായ ഇറാന്‍ മിസൈല്‍ ആക്രമണത്തെ അസന്ദിഗ്ദ്ധമായി അപലപിക്കുന്നതില്‍ യുഎന്‍ പരാജയപ്പെട്ടു എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഒക്ടോബര്‍ 7 ന് ഹമാസ് ആക്രമണത്തെയും അപലപിക്കാന്‍ ഗുട്ടെറസ് പരാജയപ്പെട്ടു.
ഈ നടപടികളെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രായേലില്‍ പ്രവേശിക്കാന്‍ അര്‍ഹതയില്ലെന്ന് കാറ്റ്സ് പറഞ്ഞു. യുഎന്‍ മേധാവിയുടെ പിന്തുണയോടെയോ അല്ലാതെയോ രാജ്യം പൗരന്മാരെ സംരക്ഷിക്കുമെന്നും രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷം മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തെ യുഎന്‍ മേധാവി അപലപിച്ചിരുന്നു. എന്നാല്‍ ഇറാന്റെയോ ഇസ്രായേലിന്റെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു ഇത്. ലെബനനിലെ സംഘര്‍ഷത്തെക്കുറിച്ച് ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലെബനന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കാന്‍ ഇസ്രായേലിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചും അദ്ദേഹം ആവര്‍ത്തിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.












Click it and Unblock the Notifications