ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; 182 പേർ കൊല്ലപ്പെട്ടു, ആളുകളോട് ഒഴിയാൻ മുന്നറിയിപ്പ്
ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ. തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 700 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം എത്രയും പെട്ടെന്ന് ഹിസ്ബുള്ളയുമായി ബന്ധമുള്ള മേഖലകളിൽ നിന്ന് ആളുകൾ ഒഴിയണമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. സൈനികാവശ്യങ്ങൾക്കായി ഹിസ്ബുള്ള ഉപയോഗിക്കുന്ന ആയുധപുരകൾക്ക് സമീപത്തുള്ള കെട്ടിടങ്ങളിലും അതിന് ചുറ്റുമുള്ള പ്രദേശങ്ങളിലും കഴിയുന്നവരോടാണ് ഒഴിയാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ആളുകളെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് 80,000-ത്തിലധികം കോളുകൾ ഇസ്രായേലിൽ നിന്നും ലഭിച്ചതായി ലെബനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 'മേഖലയിൽ നാശവും അരാജകത്വം വിതക്കാൻ ലക്ഷ്യം വെച്ചുള്ള മാനസിക യുദ്ധമാണ്' അവയെന്ന് ടെലികോം കമ്പനിയായ ഒഗെറോയുടെ തലവൻ ഇമാദ് ക്രെയ്ദീഹ് പറഞ്ഞു.

തെക്കൻ ലെബനനിലെ 17 ഗ്രാമങ്ങളും പട്ടണങ്ങളും ഉൾപ്പെടുത്തിയുള്ള ഭൂപടങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതിൽ ഏതാണ് ഇസ്രായേലിന്റെ അടുത്ത ലക്ഷ്യമെന്ന് വ്യക്തമല്ല.പേജർ, വാക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. തിങ്കളാഴ്ച പുലർച്ചെ മാത്രം തെക്കൻ ലെബനിനിലൂടനീളം ഡസൻ കണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ളതായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
അതേസമയം ഗാസ മുനമ്പിലെ തങ്ങളുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് ആവർത്തിച്ചു. വടക്കൻ ഇസ്രായേലിൽ കുടിയൊഴിപ്പിക്കപ്പെട്ട തങ്ങളുടെ പൗരൻമാർ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങുന്നുവെന്ന് ഉറപ്പാക്കുന്നത് വരെ സൈനിക നടപടികൾ തുടരുമെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞത്. അതിനിടെ തങ്ങളുടെ പൗരന്മാരെ ഭീഷണിപ്പെടുത്തുന്ന ആരെയും ഇസ്രായേൽ ആക്രമിക്കുമെന്ന് ആർമി ചീഫ് ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവിയും പ്രതികരിച്ചു.
അതേസമയം ഇസ്രായേലിനെതിരെ അതിശക്തമായി തന്നെ തിരിച്ചടിക്കുമെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി ചീഫ് നൈം ഖാസിം പറഞ്ഞു. ഏത് തരം സൈനികാക്രമണവും നേരിടാൻ തങ്ങൾ സജ്ജരാണെന്നും ഹിസ്ബുള്ള വ്യക്തമാക്കി. പേജർ ആക്രമണത്തിന് പിന്നാലെ ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിക്കാനും ഹിസ്ബുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ ഇസ്രായേലിനോട് സംയമനം പാലിക്കണമെന്ന് വ്യക്തമാക്കി സഖ്യകക്ഷിയായ യുഎസ് രംഗത്തെത്തി. സംഘർഷം തടയാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും വലിയ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതേസമയം സംഘർഷം ലെബനനെ മറ്റൊരു ഗാസായാക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. സംഘർഷം ശമിപ്പിക്കാനുള്ള ശ്രമങ്ങൾ ഖത്തർ, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെങ്കിലും ഇസ്രായേൽ വഴങ്ങാൻ തയ്യാറായിട്ടില്ല. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം ഗാസയെ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്ന് ഈജിപ്ത് പ്രതികരിച്ചു.
സപ്റ്റംബർ 17 ഓടെയായിരുന്നു ഇസ്രായേൽ ലെബനനെതിരെ ആക്രമണം ശക്തമാക്കിയത്. പേജർ,വാക്കി ടോക്കി ആക്രമണങ്ങളിൽ 37 ഓളം പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications