ട്രംപിനും ഇസ്രയേലിനും നന്ദി പറഞ്ഞ് റെസ പഹ്‌ലവി; ജനങ്ങളോട് അധികാരം പിടിക്കാനും ആഹ്വാനം
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ വിയോഗം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വെച്ചുണ്ടായ അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഈ സംഭവം ഇറാന്റെ നിലനിൽപ്പിനെയും മധ്യേഷ്യൻ മേഖലയുടെ സുസ്ഥിരതയെയും വലിയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ട്രംപിന് നന്ദി പറഞ്ഞ് റെസ പെഹ്ലവി
ഖാംനഇയുടെ വിയോഗത്തിന് പിന്നാലെ, ഇറാനിലെ മുൻ ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകൻ റെസ പഹ്‌ലവി ട്രംപിന് നന്ദി രേഖപ്പെടുത്തി രംഗത്തെത്തി. ഇത് ഇറാനിലെ "മോചനത്തിന്റെ സമയമാണെന്ന്" അദ്ദേഹം പ്രസ്താവിച്ചു. ജനാധിപത്യപരമായ ഒരു ഇറാൻ കെട്ടിപ്പടുക്കുന്നതിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാനിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരോട് നിലവിലെ ഭരണകൂടത്തെ ഉപേക്ഷിച്ച് ജനങ്ങളോടൊപ്പം ചേരാനും, രാജ്യത്തെ ജനാധിപത്യപരമായ ഒരു ഭാവിയിലേക്ക് നയിക്കാൻ സഹായിക്കാനും അദ്ദേഹം നേരിട്ട് ആഹ്വാനം ചെയ്തു. എന്നാൽ, ഇതിനെതിരെ കടുത്ത തിരിച്ചടി നൽകുമെന്ന് ഐആർജിസി (IRGC) ഭീഷണി മുഴക്കി കഴിഞ്ഞു. ഇസ്രയേലിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് അവർ ഉദ്ദേശിക്കുന്നത്.

ഇറാനിലെ സ്ഥിതിഗതികൾ
ഔദ്യോഗികമായി ഖാംനഇയുടെ മരണം സ്ഥിരീകരിച്ചതോടെ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ വിപ്ലവത്തിന്റെ അമരക്കാരൻ പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ പോരാടിയ രക്തസാക്ഷിയാണെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രസ്താവന. എങ്കിലും, രാജ്യത്തിനകത്ത് വലിയ രാഷ്ട്രീയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
ദശകങ്ങളായി ഇറാന്റെ എല്ലാ അധികാര കേന്ദ്രങ്ങളെയും നിയന്ത്രിച്ചിരുന്ന ഖാംനഇയുടെ വിയോഗം, രാജ്യത്തിന്റെ ആണവ പദ്ധതികളുടെ ഭാവിയിലേക്കും, ആഭ്യന്തര രാഷ്ട്രീയത്തിലേക്കും വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. നാലര പതിറ്റാണ്ടിനുശേഷം ഇറാൻ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. വിപ്ലവത്തിന്റെ പാതയിൽത്തന്നെ ഇറാൻ തുടരുമോ അതോ ഈ അന്ത്യത്തോടെ പുതിയൊരു ജനാധിപത്യ ഭരണകൂടം ഉടലെടുക്കുമോ എന്നത് വരും ദിവസങ്ങളിൽ ലോകം ഉറ്റുനോക്കുന്ന പ്രധാന കാര്യമാണ്.












Click it and Unblock the Notifications