സൗദിയില്‍ ഇറാന്റെ മിസൈല്‍ പതിച്ച് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു: 12 പേര്‍ക്ക് പരിക്ക്
ഇസ്രായേല്‍-ഇറാന്‍ യുദ്ധം ഗള്‍ഫ് രാജ്യങ്ങളിലേക്കു വ്യാപിച്ചതിന്റെ ഭാഗമായി സൗദി അറേബ്യയിലെ ജനവാസ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുന്നത്. അല്‍-ഖര്‍ജ് എന്ന ജനവാസ മേഖലയില്‍ മിസൈലിന്റെ അവശിഷ്ടം പതിച്ചതിനെ തുടര്‍ന്നാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ച ഇന്ത്യക്കാരന്‍ ഏതു സംസ്ഥാനക്കാരനാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അല്‍-ഖര്‍ജ് നഗരത്തില്‍ സ്വകാര്യ ക്ലീനിംഗ് കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ കോമ്പൗണ്ടിലാണ് മിസൈല്‍ വന്നു പതിച്ചത്. കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്. ഈ അപകടത്തില്‍ പരിക്കേറ്റ 12 പേര്‍ ബംഗ്ലാദേശ് പൗരന്മാരാണ്. ഇവരെല്ലാവരും ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ യുദ്ധസാഹചര്യത്തിനിടയിലാണ് ഈ ദാരുണ സംഭവം നടന്നത്. ഫെബ്രുവരി അവസാനം മുതല്‍ ആരംഭിച്ച ഈ സംഘര്‍ഷം ഇപ്പോള്‍ ഗള്‍ഫ് മേഖലയിലാകെ വ്യാപിച്ചിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മേഖലയിലെ യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള ശത്രുത മേഖലയിലെ രാജ്യങ്ങളിലേക്കും കൂടി പടരുന്നത് ലോകത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ പശ്ചിമേഷ്യയിലെ ഓരോ ചലനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ ദിവസം അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്‍ പറഞ്ഞിട്ടും ആക്രമണം തുടരുന്നതാണ് ആശങ്ക ശക്തമാകാന്‍ കാരണം. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതോടെ ഇന്ത്യയും എന്ത് നിലപാട് എടുക്കും എന്നത് നിര്‍ണായകമാണ്.












Click it and Unblock the Notifications