ഇസ്രായേലില്‍ ജോലി ചെയ്യാം; 50000 പേര്‍ക്ക് അവസരം ഒരുങ്ങുന്നു, പക്ഷേ, ജോലി കാത്തിരിക്കുന്നവര്‍ നിരവധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് ഒപ്പുവച്ചിരിക്കുന്നത്. അതിലൊന്നാണ് ഇന്ത്യക്കാര്‍ക്ക് ജോലി ലഭിക്കും എന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം അര ലക്ഷം ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കുമെന്നതാണ് കരാര്‍. ഇന്ത്യന്‍ രൂപയേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയാണ് ഇസ്രായേലിന്റേത്. അതുകൊണ്ടുതന്നെ ജോലി തേടുന്നവര്‍ കൂടിയേക്കും.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മോദി ഇസ്രായേലില്‍ എത്തിയത് ബുധനാഴ്ചയാണ്. വ്യാഴാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ മോദി പ്രസംഗിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം 27 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. അതിലൊന്നാണ് ഇന്ത്യക്കാര്‍ക്ക് ജോലി ക്വാട്ട അനുവദിക്കുമെന്ന കരാര്‍.

കഴിഞ്ഞ മാസം ഇന്ത്യ ടുഡെ നല്‍കിയ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഈ വേളയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഇസ്രായേലിലേക്ക് ഇന്ത്യക്കാരെ ജോലിക്ക് അയക്കുന്നുണ്ട്. ഇന്റര്‍വ്യൂ ഉള്‍പ്പെടെ നടത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. എല്ലാ നടപടികളും പൂര്‍ത്തിയായിട്ടും ആയിരത്തിലധികം ഇന്ത്യക്കാര്‍ ജോലി കിട്ടാതെ കാത്തിരിക്കുകയാണത്രെ.
5000ത്തോളം അപേക്ഷകര്‍, 1383 പേരെ തിരഞ്ഞെടുത്തു
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ 1300 പേരാണ് കഴിഞ്ഞ 14 മാസമായി കാത്തിരിക്കുന്നത്. ഈ വര്‍ഷം പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ഇന്റര്‍വ്യൂ കഴിഞ്ഞവര്‍ക്ക് ജോലി ലഭിച്ചിട്ടില്ല. 2024-25 സാമ്പത്തിക വര്‍ഷം യുപി സര്‍ക്കാര്‍ വഴി അപേക്ഷ ക്ഷണിച്ചപ്പോള്‍ 5000 ത്തോളം പേര്‍ അപേക്ഷ നല്‍കിയിരുന്നു.
1383 പേര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിരവധി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ജോലിക്ക് തിരഞ്ഞെടുത്തത്. എന്നാല്‍ ഈ ബാച്ചിലെ ഒരാള്‍ക്ക് പോലും ഇതുവരെ ജോലി കിട്ടിയിട്ടില്ല. പലരെയും ഇന്റര്‍വ്യൂ ചെയ്തത് ഇസ്രായേല്‍ കമ്പനികളുടെ പ്രതിനിധികളായിരുന്നു. വരാണസിയില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടക്കുകയും ചെയ്തു. ആശാരി, ടൈല്‍സ് ജോലി, നിര്‍മാണ മേഖല തുടങ്ങിയ ജോലിക്കാണ് തിരഞ്ഞെടുത്തിരുന്നത്.
14 മാസമായി ഇസ്രായേലില്‍ നിന്നുള്ള വിളിയും കാത്തിരിക്കുകയാണ് ഇവര്‍. ഏത് സമയവും വിളി എത്തുമെന്ന് പ്രതീക്ഷിച്ച് നാട്ടില്‍ സ്ഥിരംജോലിക്ക് പോകാന്‍ പറ്റാത്ത സാഹചര്യമായി. ലഖ്‌നൗ സ്വദേശി അരവിന്ദ്, സുല്‍ത്താന്‍പൂര്‍ സ്വദേശി വേദ് പ്രകാശ്, ഉന്നാവോ സ്വദേശി മനോജ് കുമാര്‍ എന്നിവരെല്ലാം ഇന്ത്യ ടുഡേയോട് പ്രതികരിക്കുകയും ചെയ്തു.
നാട്ടിലേക്ക് അയച്ചത് 1400 കോടി!!
2024ല്‍ മാത്രം ഇസ്രായേലില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് 1400 കോടി രൂപ അയച്ചു എന്ന് യുപി സര്‍ക്കാര്‍ അറിയിച്ചിരുന്നു. യുപിയില്‍ നിന്നുള്ള 6000ത്തോളം പേരാണ് ഇസ്രായേലില്‍ ജോലി ചെയ്യുന്നത്. ഇവര്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കാണ് കഴിഞ്ഞ ജൂലൈയില്‍ യുപി സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇത് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications