ഇറാന്‍ ഏജന്റുമാരെ വിലക്കെടുത്തു; 3 മുറികളില്‍ ബോംബ് വച്ചു... തെഹ്‌റാനിലെ മൊസാദ് ഓപറേഷന്‍ ഇങ്ങനെ
തെഹ്‌റാന്‍: ഇസ്രായേലിന്റെ ചാര സംഘടനയാണ് മൊസാദ്. നിരവധി പലസ്തീന്‍ നേതാക്കളെ വിദേശത്ത് വച്ച് കൊലപ്പെടുത്തിയതിന് പിന്നിലെ കറുത്ത കരങ്ങള്‍ ഈ സംഘത്തിന്റേതായിരുന്നു. ജോര്‍ദാനില്‍ വച്ച് ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതും സംഘത്തിലുള്ളവരെ അറസ്റ്റ് ചെയ്തതും മൊസാദിനെ കുരുക്കിയ സംഭവമായിരുന്നു. എങ്കിലും മിക്ക ഓപറേഷനുകളിലും മൊസാദ് വിജയം കണ്ടു.
ഇതിനിടെയാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ അധ്യക്ഷനും പലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യയെ ഇറാനില്‍ വച്ച് എങ്ങനെയാണ് മൊസാദ് വധിച്ചത് എന്ന വിവരം പുറത്തുവരുന്നത്. ഹനിയ്യയുടെ മൃതദേഹം ഖത്തറില്‍ ഖബറടക്കിയ പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് ഇസ്രായേല്‍. പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയ പിന്നാലെ ഇസ്രായേലും അമേരിക്കയും എന്തിനും തയ്യാറായി നില്‍ക്കുകയാണ്. പുതിയ വിവരങ്ങള്‍ അറിയാം...

ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ. പ്രസിഡന്റുമായും ആത്മീയ നേതാവ് അലി ഖാംനഇയുമായും ഹനിയ്യ ചര്‍ച്ച നടത്തിയ ശേഷമാണ് തലസ്ഥാനമായ തെഹ്‌റാനിലെ താമസസ്ഥലത്തെത്തിയത്. അദ്ദേഹത്തിന്റെ മുറിയില്‍ സ്ഥാപിച്ച ബോംബുകള്‍ പൊട്ടിയാണ് മരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ നീക്കം മെയ് മാസത്തില്‍
ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. അന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഹനിയ്യ തെഹ്‌റാനിലെത്തിയ വേളയില്‍ മൊസാദ് കൊലപാതകം പദ്ധതിയിട്ടിരുന്നു. വലിയ ജനക്കൂട്ടമുണ്ടായതോടെ പദ്ധതി ഒഴിവാക്കുകയായിരുന്നുവെന്ന് ഇറാനിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു അവസരത്തിന് വേണ്ടി മൊസാദ് കാത്തിരിക്കവെയാണ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഹനിയ്യ വരുന്നുവെന്ന വിവരം ലഭിച്ചത്. ഇറാന്‍ സൈന്യത്തിലുള്ള രണ്ട് പോരെ മൊസാദ് വിലക്കെടുക്കുകയായിരുന്നുവത്രെ. തെഹ്‌റാനിലെ ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ ഗസ്റ്റ് ഹൗസിലാണ് ഹനിയ്യ താമസിച്ചത്. ഇവിടെയുള്ള മൂന്ന് മുറികളില്‍ ഏജന്റുമാരെ ഉപയോഗിച്ച് മൊസാദ് ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമേഷ്യയിലെ ശക്തരായ സൈന്യമാണ് ഇറാന്റെ വിപ്ലവ ഗാര്‍ഡ്. ഇറാനില്‍ വിദേശത്ത് നിന്നെത്തുന്ന വിഐപികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഈ സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച അന്‍സാറുല്‍ മഹ്ദി എന്ന വിഭാഗമാണ്. ഇവരുടെ സാന്നിധ്യമുള്ള സ്ഥലമാണ് തെഹ്‌റാനിലെ ഗസ്റ്റ് ഹൗസ്. കഴിഞ്ഞ ബുധനാഴ്ച രാത്രി രണ്ട് മണിക്കാണ് ഇവിടെ സ്‌ഫോടനമുണ്ടായതും ഹനിയ്യ കൊല്ലപ്പെട്ടതും. റിമോര്‍ട്ട് ഉപയോഗിച്ചാണ് ബോംബ് പൊട്ടിച്ചത്.
ഇറാനെ ഞെട്ടിച്ച മൊസാദിനെ കുറിച്ച്
ഏറ്റവും സുരക്ഷിതമെന്ന് ഇറാന്‍ കരുതുന്ന സ്ഥലത്ത് മൊസാദിന് എങ്ങനെ ബോംബുകള്‍ സ്ഥാപിക്കാന്‍ സാധിച്ചു എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. ഇറാനിലുള്ളവരുടെ സഹായില്ലാതെ ഇത് അസാധ്യമെന്ന് വ്യക്തം. തുടര്‍ന്നാണ് നിരീക്ഷണ ക്യാമറകള്‍ വിശദമായി പരിശോധിച്ചത്. രണ്ട് ഇറാന്‍ ഉദ്യോഗസ്ഥര്‍ ഗസ്റ്റ് ഹൗസിലെ ഓരോ മുറികളില്‍ കയറുകയും വേഗം ഇറങ്ങുകയും ചെയ്യുന്നത് കണ്ടെത്തി. വൈകാതെ ഇവര്‍ മുങ്ങി. രാജ്യം വിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഹനിയ്യയുടെ കൊലപാതകത്തില്‍ ചില സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. മിസൈല്‍ ആക്രമണമാണ് നടന്നത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
7000 പേരാണ് മൊസാദില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം. ഓരോ വര്‍ഷവും 300 കോടി ഡോളറാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഇസ്രായേല്‍ മാറ്റിവയ്ക്കുന്നത്. അമേരിക്കയുടെ സിഐഎ കഴിഞ്ഞാല്‍ ശക്തമായ ശൃംഖലയുള്ള ചാരസംഘടനയാണ് മൊസാദ്. മൊസാദിന്റെ ഘടന ഇപ്പോഴും അജ്ഞാതമാണ്. പലസ്തീനിലെ സായുധ സംഘങ്ങള്‍ക്കിടയില്‍ പോലും ഇവര്‍ക്ക് ചാരന്മാരുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതീവ രഹസ്യമായ ഓപറേഷനുകള്‍ നടത്തുന്ന മൊസാദിന്റെ സംഘത്തെ മെറ്റ്‌സാദ എന്നാണ് വിളിക്കുക. ഇറാന്‍ പ്രസിഡന്റിന് ആദ്യ ദിനത്തില്‍ തന്നെ വലിയ ഷോക്കാണ് ഇവര്‍ നല്‍കിയത്.












Click it and Unblock the Notifications