ഹമാസില്ലാതെ പലസ്തീന്‍ രാഷ്ട്രം; യുഎന്നില്‍ പിന്തുണച്ച് ഇന്ത്യ, എതിര്‍ത്ത് അമേരിക്കയും ഇസ്രായേലും
ജനീവ: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ ന്യൂയോര്‍ക്ക് പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പിന്തുണ. നിലവില്‍ ഗാസ മുനമ്പിന്റെ നിയന്ത്രണം വഹിക്കുന്ന ഹമാസിന്റെ പങ്കാളിത്തമില്ലാതെ ദ്വിരാഷ്ട്ര പരിഹാരം എന്ന 'ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ' ആണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ യുഎന്നില്‍ പിന്തുണച്ചത്.
ഇന്ത്യയുള്‍പ്പെടെ 142 രാജ്യങ്ങള്‍ പ്രഖ്യാപനത്തെ അനുകൂലിച്ചും 10 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. അമേരിക്കയും ഇസ്രായേലും ആണ് പ്രഖ്യാപനത്തിനെതിരെ വോട്ട് ചെയ്ത രാജ്യങ്ങള്‍. പലസ്തീന്‍ പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ന്യൂയോര്‍ക്ക് പ്രഖ്യാപനം ഈ വര്‍ഷം ജൂലൈയില്‍ 17 യുഎന്‍ അംഗരാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പിട്ടിരുന്നു.

2023 ഒക്ടോബര്‍ 7 ന് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഏകദേശം രണ്ട് വര്‍ഷമായി സ്ഥിരമായ പ്രാദേശിക സംഘര്‍ഷങ്ങളാല്‍ വലയം ചെയ്യപ്പെട്ട പ്രദേശത്ത് സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൊണ്ടുവരാനാണ് ഈ പ്രഖ്യാപനം ലക്ഷ്യമിടുന്നത്. അതേസമയം ഹമാസിന്റെ പ്രവൃത്തികളേയും നയങ്ങളേയും ഇത് വ്യക്തമായി അപലപിക്കുകയും ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
സെപ്റ്റംബര്‍ 22 ന് ന്യൂയോര്‍ക്കില്‍ റിയാദും പാരീസും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന യുഎന്‍ ഉച്ചകോടിക്ക് മുന്നോടിയായാണ് വോട്ടെടുപ്പ് നടന്നത്. ആ ഉച്ചകോടിയില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പലസ്തീനികള്‍, ഇസ്രായേലികള്‍, മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് ഇസ്രായേലിനും പലസ്തീനുമിടയില്‍ ഒരു ദ്വിരാഷ്ട്ര പരിഹാരം വേണം എന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്.
ഒക്ടോബര്‍ 7-ന് ഇസ്രായേലി സിവിലിയന്മാര്‍ക്കെതിരെ ഹമാസ് നടത്തിയ ആക്രമണത്തെയും ബന്ദികളാക്കുന്നവരെയും ഈ പ്രഖ്യാപനം അപലപിക്കുന്നു. കൂടാതെ പലസ്തീന്‍ സിവിലിയന്‍ ജനതയെ നിര്‍ബന്ധിതമായി നാടുകടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും ന്യൂയോര്‍ക്ക് പ്രഖ്യാപനം വിശേഷിപ്പിക്കുന്നു. ഗാസയിലെ സിവിലിയന്മാര്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെയും ഇത് അപലപിക്കുന്നു.
ഹമാസിനോട് എല്ലാ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കാനും പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നു. ''ഗാസ ഒരു പലസ്തീന്‍ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണ്, വെസ്റ്റ് ബാങ്കുമായി ഏകീകരിക്കണം. അധിനിവേശം, ഉപരോധം, പ്രദേശിക കുറവ് അല്ലെങ്കില്‍ നിര്‍ബന്ധിത സ്ഥലംമാറ്റം എന്നിവ ഉണ്ടാകരുത്,'' പ്രഖ്യാപനത്തില്‍ പറയുന്നു.
സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിന് ഗാസയിലെ ഭരണം അവസാനിപ്പിച്ച് ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് കൈമാറണം എന്നും പ്രഖ്യാപനത്തില്‍ ഹമാസിനോട് ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications