'ഗാസയില്‍ വകതിരിവില്ലാതെ ആക്രമണം'; ഇസ്രായേലിന് ലോകത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നുവെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍: ഹമാസിനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയില്‍ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്രായേലിന്റെ ലോക പിന്തുണ നഷ്ടപ്പെടാന്‍ തുടങ്ങിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. വാഷിംഗ്ടണില്‍ നടന്ന ഒരു പ്രചാരണ ധനസമാഹരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമാസിനെ നശിപ്പിക്കാനും ഗാസയില്‍ തടവിലാക്കിയ ബന്ദികളെ വീണ്ടെടുക്കാനും ടെല്‍ അവീവ് ലക്ഷ്യമിടുന്നതിനാല്‍ അമേരിക്ക ഇസ്രായേലിനൊപ്പമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും പറഞ്ഞതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. ബെഞ്ചമിന്‍ നെതന്യാഹു തന്റെ തീവ്ര സര്‍ക്കാരിനെ മാറ്റേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ കീഴിലുള്ള പാശ്ചാത്യ പിന്തുണയുള്ള ഫലസ്തീനിയന്‍ അതോറിറ്റിയെ ടെല്‍ അവീവ് ഗാസയിലേക്ക് തിരികെ കൊണ്ടുവരില്ലെന്നതിനാല്‍ ഗാസ യുദ്ധത്തെ തുടര്‍ന്നുള്ള കാര്യങ്ങളില്‍ യുഎസും ഇസ്രായേലും ഭിന്നതയുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു ചൂണ്ടിക്കാട്ടി. ഗാസ 'ഹമാസ്-സ്ഥാന്‍' അല്ലെങ്കില്‍ 'ഫതാഹ്-സ്താന്‍' ആകില്ല', അദ്ദേഹം പറഞ്ഞു.
'ഇക്കാര്യത്തില്‍ എന്റെ നിലപാട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓസ്ലോയുടെ തെറ്റ് ആവര്‍ത്തിക്കാന്‍ ഇസ്രായേലിനെ ഞാന്‍ അനുവദിക്കില്ല, നെതന്യാഹു പറഞ്ഞു. നേരത്തെ ഗാസയിലെ യുദ്ധത്തിന്റെ സമയക്രമം ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞിരുന്നു. ജെയ്ക് സള്ളിവന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്.
ഇസ്രായേല്‍-ഹമാസ് ഉടമ്പടിയുടെ തകര്‍ച്ചയ്ക്ക് ജെയ്ക് സള്ളിവന്‍ ഹമാസിനെ കുറ്റപ്പെടുത്തി. ''ഇന്നും ഹമാസ് സ്ത്രീകളെയും പ്രായമായവരെയും സാധാരണക്കാരെയും ഗണ്യമായ അളവില്‍ പിടിച്ചുനിര്‍ത്തുന്നത് തുടരുന്നു. അതിനാല്‍ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരുടെ കുടുംബാംഗങ്ങളെ വൈറ്റ് ഹൗസില്‍ കാണാനും ജോ ബൈഡന്‍ പദ്ധതിയിടുന്നുണ്ട്.
അതിനിടെ ഗസയില്‍ ആശുപത്രികള്‍ക്ക് നേരെയടക്കമുള്ള ആക്രമണം ഇസ്രായേല്‍ സേന തുടരുകയാണ്. ഔദ ആശുപത്രിയില്‍ ഇരച്ചുകയറിയ സൈന്യം നിരവധി പേരെ കൊലപ്പെടുത്തി എന്നാണ് വിവരം. അബദ്ധത്തില്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു എന്ന് ഇസ്രായേല്‍ അറിയിച്ചു. ബ്രിട്ടന്‍, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വെടിനിര്‍ത്തലിനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണം 18205 ആയി. പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടന്നിട്ടുണ്ട്.












Click it and Unblock the Notifications