ഇസ്രയേല്‍ സംഘര്‍ഷം: ബെത്‌ലഹേമില്‍ കുടുങ്ങി കിടക്കുന്നത് ഇരുന്നൂറോളം മലയാളികള്‍
ബെത്‌ലഹേം: ഇസ്രയേലില്‍ യുദ്ധത്തെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നത് നിരവധി മലയാളികള്‍. കൊച്ചിയില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പോയ സംഘത്തിന് പുറമേ കൂടുതല്‍ മലയാളികള്‍ പലസ്തീനില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഒരു ഹോട്ടലില്‍ മാത്രം ഇരുന്നൂറോളം മലയാളികളാണ് കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം. നിലവില്‍ ഇവിടെയുള്ളവര്‍ സുരക്ഷിതരാണ്.
മുംബൈയില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പോയ സംഘത്തിലെ മലയാളിയായ ജോയിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാതൃഭൂമിയാണ് മലയാളി സംഘം കുടുങ്ങി കിടക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ആക്രമണം കടുത്തതിനെ തുടര്‍ന്ന്, ഏഴ് മണിക്ക് കുര്‍ബാന നടക്കുമ്പോള്‍ സൈറണ്‍ മുഴങ്ങുകയും, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് നിര്‍ദേശം ലഭിക്കുകയുമായിരുന്നു.

അതേസമയം നിര്‍ദേശം ലഭിച്ച ഉടനെ ഇവര്‍ ബെത്‌ലഹേമിലെ ഹോട്ടലില്‍ തിരിച്ചെത്തുയായിരുന്നു. നിലവില്‍ ഇവര്‍ സുരക്ഷിതരാണ്. ഇവരുടെ യാത്രാ പദ്ധതി അനുസരിച്ച് തിങ്കളാഴ്ച്ച രാവിലെ എഴ് മണിക്ക് ഈജിപ്തിലെ കെയ്‌റോയിലേക്ക് പോവേണ്ടതായിരുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. യാത്ര തിരിക്കണമെന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നതെന്ന് ജോയ് പറഞ്ഞു.
തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ഇരുന്നൂറോളം മലയാളികളുണ്ടെന്ന് ഇവര്‍ പറയുന്നു. അടുത്ത നിര്‍ദേശം ലഭിച്ചാല്‍ തിങ്കളാഴ്ച്ച രാവിലെ തന്നെ ഈജിപ്തിലേക്കുള്ള യാത്ര തുടരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജെറുസലേം, ബെത്‌ലഹേം, തീര്‍ത്ഥാടനത്തിന് പുറപ്പെട്ട 38 അംഗ മലയാളി സംഘം പലസ്തീനില്‍ കുടുങ്ങിയിരുന്നു. ഒക്ടോബര്‍ രണ്ടിന് ഇവര്‍ മുംബൈയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയാണ് ഇവര്‍ ബെത്‌ലഹേമില്‍ കുടുങ്ങിയത്.
രണ്ട് വൈദികര്‍ അടക്കം ഉള്‍പ്പെട്ട സംഘമായിരുന്നു ഇത്. ഇവര്‍ വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. പത്തനംതിട്ട ഇരവിപേരൂര്‍ നെല്ലാട് സ്വദേശി മനു മുംബൈയില്‍ നടത്തുന്ന സിതഹോളിഡേയ്‌സ് ആണ് യാത്ര സംഘടിപ്പിച്ചത്. ബോബും ഷെല്ലും പൊട്ടുന്നതിന്റെ ശബ്ദം കേട്ടിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ യാത്രയില്‍ സൂക്ഷിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയെന്നും ഇവര്‍ പറഞ്ഞു. പലസ്തീന്‍ അതിര്‍ത്തിയെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications