അപൂര്‍വ നടപടിയുമായി നെതന്യാഹു; ഇസ്രായേല്‍ പ്രസിഡന്റിന് കത്ത് നല്‍കി, ട്രംപ് ആവശ്യപ്പെട്ട പിന്നാലെ
ടെല്‍ അവീവ്: അപൂര്‍വ നടപടിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരായ എല്ലാ കേസുകളിലും മാപ്പ് അപേക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് നെതന്യാഹു കത്ത് നല്‍കി. പ്രസിഡന്റ് മാപ്പ് നല്‍കിയാല്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയിലെ കരിനിഴല്‍ ഒഴിവാകും. എന്നാല്‍ ഇത് സാധ്യമാകുമോ എന്ന് ഉറപ്പില്ല.
നെതന്യുവിന് മാപ്പ് നല്‍കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇസ്രായേല്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ പ്രസിഡന്റിന് ട്രംപ് കത്ത് അയക്കുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ തന്റെ അടുത്ത സുഹൃത്താണ് നെതന്യാഹു എന്നും ട്രംപ് കത്തില്‍ പറയുന്നു. മൂന്ന് അഴിമതിക്കേസുകളാണ് നെതന്യാഹുവിന് എതിരേയുള്ളത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം എന്നേക്കുമായി നഷ്ടപ്പെടും.

പ്രസിഡന്റിന്റെ മാപ്പിന് വേണ്ടി നെതന്യാഹു ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രസിഡന്റിന്റെ ഓഫീസിലെ നിയമ വിഭാഗത്തിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നെതന്യാഹുവിന്റെ അഭിഭാഷകനാണ് ഒരു കത്ത് നല്‍കിയത്. മറ്റൊന്ന് നെതന്യാഹു ഒപ്പുവച്ചതും. നിയമ മന്ത്രാലയം പരിശോധിച്ച ശേഷം പ്രസിഡന്റിന്റെ ഓഫീസിലെ നിയമ ഉപദേഷ്ടാവിന് അയക്കുകയാണ് ചെയ്യുക.
ഉപദേഷ്ടാവ് കത്ത് പരിശോധിക്കും. നിയമ മന്ത്രാലയത്തിന്റെ അഭിപ്രായവും പരിഗണിക്കും. ശേഷം സ്വന്തം അഭിപ്രായവും ചേര്‍ത്താണ് പ്രസിഡന്റിന് കൈമാറുക. അതേസമയം, അസാധാരമായ അപേക്ഷയാണ് നെതന്യാഹു നല്‍കിയത് എന്നാണ് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചത്. വലിയ അനന്തരഫലമുണ്ടാകുന്ന ഗൗരവമേറിയ നടപടിയാണിതെന്നും ഓഫീസ് പ്രതികരിച്ചു.
എന്താണ് നെതന്യാഹുവിനെതിരായ കേസുകള്‍
നെതന്യാഹുവിനെതിരെ മൂന്ന് അഴിമതിക്കേസുകളാണുള്ളത്. അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഏക ഇസ്രായേല്‍ പ്രധാനമന്ത്രിയുമാണ് അദ്ദേഹം. തട്ടിപ്പ്, വിശ്വാസ വഞ്ചന, വന്‍കിടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നീ കേസുകളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. വിചാരണ നടക്കുകയാണ്. ഗാസ യുദ്ധം കൊടുമ്പിരി കൊണ്ട വേളയില്‍ വിചാരണ നിര്‍ത്തിവച്ചിരുന്നു.
വിചാരണയില്‍ നിന്ന് രക്ഷപ്പെടാനാണ് നെതന്യാഹു ഗാസയില്‍ ആക്രമണം നടത്തുന്നത് എന്നും വിലയിരുത്തലുണ്ടായിരുന്നു. കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ സന്ദര്‍ശിക്കുകയും പാര്‍ലമെന്റില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ വേളയിലാണ് നെതന്യാഹുവിന് മാപ്പ് നല്‍കണം എന്ന് പ്രസിഡന്റിനോട് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടത്. മറ്റൊരിക്കല്‍ രേഖാമൂലവും ആവശ്യപ്പെട്ടിരുന്നു.
മൂന്ന് അഴിമതിക്കേസുകളില്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തിയത് 2019ലാണ്. 2020 മുതല്‍ വിചാരണ തുടങ്ങിയെങ്കിലും ഇതുവരെ തീര്‍ന്നിട്ടില്ല. വ്യവസായിയില്‍ നിന്ന് ഏഴ് ലക്ഷം ഷെക്കേല്‍ കൈകൂലി വാങ്ങി എന്ന കേസുള്‍പ്പെടെയാണിത്. അപൂര്‍വമായിട്ടാണ് ഇസ്രായേല്‍ പ്രസിഡന്റിന് മുമ്പാകെ മാപ്പ് അപേക്ഷ എത്തുകയും മാപ്പ് അനുവദിക്കുകയും ചെയ്യുക. നെതന്യാഹുവിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം.












Click it and Unblock the Notifications