ഗാസയില്‍ ഇനി ഹമാസ്താന്‍ വേണ്ട; ഹമാസിനെ രൂക്ഷമായി വിമര്‍ശിച്ച് നെതന്യാഹു
ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിനായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വീണ്ടും പ്രകോപനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചുവെന്ന് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഹമാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു രംഗത്തെത്തിയത്.
ഹമാസിനെ പൂര്‍ണമായും തകര്‍ക്കുമെന്നും എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുമെന്നും നെതന്യാഹു അവകാശപ്പെട്ടു. യുദ്ധാനന്തര ഗാസയില്‍ ഇനി ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല. ആ അധ്യായം അവസാനിച്ചു. നമുക്കൊരു തിരിച്ചുപോക്കില്ല. ഹമാസിന്റെ അടിത്തറ വരെ ഇല്ലാതാക്കും. എല്ലാ ഇസ്രായേല്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കുമെന്നും ട്രാന്‍സ്-ഇസ്രയേല്‍ പൈപ്പ്ലൈന്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ ട്രംപ് പറഞ്ഞു.

ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനായുള്ള അന്തിമ നിര്‍ദേശമാണ് ട്രംപ് മുന്നോട്ടു വച്ചത്. ട്രംപ് മുന്നോട്ടുവെച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസ് പരിശോധിക്കുന്നതിനിടെയാണ് പ്രകോപനപരമായ പ്രസംഗം ഉണ്ടാകുന്നത്. ഇതോടെ വെടിനിര്‍ത്തലിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുകയും ഇസ്രായേല്‍ സേനയെ മേഖലയില്‍ നിന്ന് പിന്‍വലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന കരാറാണ് ഹമാസ് ലക്ഷ്യമിടുന്നത്. ഗാസയില്‍ വെടിനിര്‍ത്താന്‍ യുഎസ് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ ഇസ്രായേല്‍ അംഗീകരിച്ചെന്ന് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. യുഎസിന് പുറകെ ഈജിപ്റ്റും ഖത്തറും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നുണ്ട്. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രായേല്‍ നടപ്പാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഹമാസും ഇസ്രായേലും ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത പക്ഷം വെടിനിര്‍ത്തല്‍ കരാര്‍ എങ്ങനെ നടപ്പാകും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വിട്ടുവീഴ്ചകള്‍ക്കു വഴങ്ങാതിരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ കടുത്ത സമ്മര്‍ദമുണ്ട്. ഭരണകൂടത്തിലെ നിരവധി അംഗങ്ങള്‍ ഹമാസുമായുള്ള ഒത്തുതീര്‍പ്പിനെ ശക്തമായ എതിര്‍ക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനും നിരവധി മന്ത്രിമാര്‍ ആവശ്യപ്പെടുന്നു.
നേരത്തെ അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും മധ്യസ്ഥതയില്‍ ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. 12 ദിവസത്തോളം നീണ്ട സംഘര്‍ഷമാണ് അവസാനിച്ചത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിച്ചതും ആദ്യം പ്രഖ്യാപിച്ചത് ട്രംപാണ്. ഇതിനു പിന്നാലെയാണ് ഗാസ വിഷയത്തിലും ട്രംപിന്റെ വകയായി വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടാകുന്നത്.












Click it and Unblock the Notifications