Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൊമാലിലാന്‍ഡി'നെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഇസ്രായേല്‍; വിമര്‍ശനം; ഇതേതു നാടെന്ന് ട്രംപ്

സോമാലിയയില്‍ നിന്നും വേര്‍പിരിഞ്ഞ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ സോമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായേല്‍ നടപടി വിവാദമാകുന്നു. ഇതാദ്യമായാണ് ഒരു യുഎന്‍ അംഗരാജ്യം സോമാലിലാന്‍ഡിനെ അംഗീകരിക്കുന്നത്. ഇസ്രായേലിന്റെ ഈ നടപടി ആഗോളതലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. തുര്‍ക്കി അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. സോമാലിയയുമായി വേര്‍പിരിഞ്ഞ സോമാലിലാന്‍ഡിനെ ഇസ്രായേല്‍ ഒഴിച്ച് മറ്റ് രാജ്യങ്ങളൊന്നും അംഗീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സോമാലിലാന്‍ഡ് പ്രസിഡന്റ് അബ്ദിറഹ്‌മാന്‍ മുഹമ്മദ് അബ്ദുല്ലാഹിയും തമ്മിലുള്ള ഉഭയകക്ഷി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്. നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലും എംബസികള്‍ തുറക്കാനും അംബാസഡര്‍മാരെ നിയമിക്കാനും തീരുമാനമായി. കൃഷി, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ സഹകരണം ഉറപ്പാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഇസ്രായേലിന്റെ ഈ നടപടിയെ സോമാലിയ അതിശക്തമായി അപലപിച്ചു. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് സോമാലിയന്‍ സര്‍ക്കാര്‍ ആരോപിച്ചു. അറബ് രാജ്യങ്ങളും ആഫ്രിക്കന്‍ യൂണിയനും ഇസ്രായേലിന്റെ നീക്കത്തെ എതിര്‍ത്തു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Trump

സോമാലിലാന്‍ഡിന്റെ ചരിത്രം

കിഴക്കന്‍ ആഫ്രിക്കന്‍ മേഖലയിലാണ് സോമാലിലാന്‍ഡ് സ്ഥിതി ചെയ്യുന്നത്. സോമാലിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തായാണ് ഈ പ്രദേശം. അറബിക്കടലിനും ചെങ്കടലിനും ഇടയിലുള്ള ഏദന്‍ ഉള്‍ക്കടലിന് അടുത്തുള്ള ഈ പ്രദേശം ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതകളിലൊന്നിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 1960-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതരായ ഇവര്‍ ചുരുങ്ങിയ കാലം സ്വതന്ത്രമായി നിന്നിരുന്നെങ്കിലും പിന്നീട് സോമാലിയയുമായി ലയിച്ചു. എന്നാല്‍ 1991-ല്‍ സോമാലിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സോമാലിലാന്‍ഡ് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അന്നു മുതല്‍ സ്വന്തമായി ഭരണകൂടവും സൈന്യവും കറന്‍സിയുമുള്ള പ്രദേശമാണിത്.

1991-ല്‍ സ്വാതന്ത്ര്യം നേടിയിട്ടും, ഇസ്രായേല്‍ ഒഴികെയുള്ള ഒരു രാജ്യവും ഇതുവരെ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതേസമയം, യുകെ, യുഎഇ, ഡെന്‍മാര്‍ക്ക്, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ അനൗപചാരികമായ പിന്തുണ നല്‍കുകയും നയതന്ത്ര ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.

അബ്രഹാം ഉടമ്പടിയും സോമാലിലാന്‍ഡും

സോമാലിലാന്‍ഡിനെ അംഗീകരിക്കാനുള്ള തീരുമാനം അബ്രഹാം ഉടമ്പടിയുടെ തത്വങ്ങള്‍ക്ക് അനുസൃതമാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. 2020-ല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും വിവിധ അറബ് രാജ്യങ്ങളും (യുഎഇ, ബഹ്റൈന്‍, മൊറോക്കോ) ഒപ്പുവെച്ച സമാധാന കരാറാണ് അബ്രഹാം ഉടമ്പടി. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിച്ച് നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാന്‍ ഈ കരാര്‍ സഹായിച്ചു. സോമാലിലാന്‍ഡും ഈ ഉടമ്പടിയുടെ ഭാഗമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും സമാധാനത്തിന് പുതിയൊരു വഴിത്തിരിവാകുമെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

അതേസമയം, ഇസ്രായേലിന്റെ തീരുമാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. സൊമാലിലാന്‍ഡിനെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ എന്നാണ് ട്രംപ് ഒരു അഭിമുഖത്തില്‍ ചോദിച്ചത്. സോമാലിയയുടെ അഖണ്ഡതയെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും സോമാലിലാന്‍ഡിനെ ഒരു രാജ്യമായി അംഗീകരിക്കില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

തായ്വാന്‍, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ സോമാലിലാന്‍ഡുമായി അനൗദ്യോഗിക ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും ഇസ്രായേലിനെപ്പോലെ ഔദ്യോഗിക അംഗീകാരം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+