ഹമാസ് ഗവണ്‍മെന്റ് തലവന്‍ റൗഹി മുഷ്താഹ ഉൾപ്പെടെ 3 നേതാക്കളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ
ഗസയിൽ മുതിർന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. ഹമാസ് ഗവൺമെന്റ് തലവൻ റൗഹി മുഷ്താഹ, സുരക്ഷാ ചുമതലയുള്ള സമേഹ് അൽ സിറാജ്, കമാന്റർ ആയ സമി ഔദേ എന്നിവരെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ആക്രമണം നടത്തിയതെന്നും സൈന്യം പറയുന്നു.
വടക്കൻ ഗസയിലെ ഭൂഗർഭ കേന്ദ്രത്തിൽ ഒളിച്ചിരുക്കുമ്പോഴാണ് വ്യോമാക്രമണത്തിലൂടെ ഭീകരരെ ഇല്ലാതാക്കിയതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസിന്റെ സൈനിക വിന്യാസം ഉൾപ്പെടെയുള്ള സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊളളുന്ന നേതാവാണ് കൊല്ലപ്പെട്ട മുഷ്താഹയെന്നും ഇദ്ദേഹം ഹമാസ് ഉന്നത നേതാവായ യഹിയ സിൻവാറിന്റെ വലംകൈ ആയിരുന്നുവെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. 2015 ൽ മുഷ്താഹയെ യുഎസ് ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

മുഷ്താഹയും സിൻവാറും ചേർന്നാണ് ഹമാസ് ജനറൽ സെക്യൂരിറ്റി സംവിധാനത്തിന് രൂപം നൽകിയത്. നേരത്തേ ഇരുവരും ഇസ്രായേലിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ഹമാസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാൾ കൂടിയായ മുഷ്താഹ മുൻപ് ഹമാസിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയും വഹിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നേതാവായിരുന്നു സിൻവാർ. മുഷ്താഹാണ് അന്ന് സിൻവാറിനെ സഹായിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ അന്ന് ഇസ്കായേലിൽ ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. സിൻവാർ ഇപ്പോഴും ഗാസയിൽ തന്നെ ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്.അതിനിടെ മറ്റൊരു മുതിർന്ന നേതാവിനേയും ഇസ്രായേൽ കൊലപ്പെടുത്തിയതായിഹമാസ് മീഡിയ വ്യക്തമാക്കി. വെസ്റ്റ് ബാങ്ക് ഹമാസ് സൈനികനായ അബ്ദേൽ അസിസ് സൽഹയെയാണ് കൊലപ്പെടുത്തിയത്.
ഒക്ടോബർ 7 ലെ ആക്രമണത്തിന് പിന്നാലെ ഹമാസിന്റെ നിരവധി പ്രധാന നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. പലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50,000ത്തിനടുത്ത് ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. സാധാരണക്കാരായ ജനങ്ങളാണ് കൊല്ലപ്പെട്ടവരിൽ ഏറെയെന്നാണ് സർക്കാർ കണക്കുകൾ.
അതിനിടെ ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ 46 ഓളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ആക്രമണം ശക്തമാക്കുമെന്നാണ് ഇസ്രായേൽ ആവർത്തിക്കുന്നത്. അതിനിടെ ഇറാനെതിരെ അതിക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കി. മിസൈൽ ആക്രമണത്തിന് മറുപടിയായി ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഉൾപ്പെടെ ആക്രമിക്കാനാണ് ഇസ്രായേൽ പദ്ധതിയെന്നാണ് സൂചന.












Click it and Unblock the Notifications