കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിട്ടിയ പണിക്ക് കൊട്ട് കൊടുക്കാന്‍ ഇസ്രായേല്‍, യുഎന്‍ ബന്ധം അവസാനിപ്പിക്കും?

പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യുഎന്‍ രക്ഷാസമിതി പ്രമേയം അവതരിപ്പിച്ചതില്‍ ഇസ്രായേലിന് കടുത്ത രോഷം. യുഎന്‍ ബന്ധം പുനരാലോചിക്കുമെന്ന് ഇസ്രായേല്‍.

  • By Ashif
Google Oneindia Malayalam News

ന്യുയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാലസ്തീന്‍ ഭൂമിയില്‍ ഇസ്രായേല്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രമേയം അവതരിപ്പിച്ചതില്‍ ഇസ്രായേലിന് അടങ്ങാത്ത രോഷം. ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധം പുനരാലോചിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. അധിനിവിഷ്ട ഭൂമിയിലെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞദിവസമാണ് യുഎന്‍ രക്ഷാസമിതി പാസാക്കിയത്.

വീറ്റോയുമായി രക്ഷക്കെത്തുമെന്ന് കരുതിയ അമേരിക്ക വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയായി. രക്ഷാസമിതിയുടെ പ്രമേയം അംഗീകരിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. പ്രമേയം സ്വാഗതം ചെയ്ത് കഴിഞ്ഞദിവസം തന്നെ പാലസ്തീന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയുമായുള്ള എല്ലാ ബന്ധങ്ങളും ഒരുമാസത്തിനകം പുനരാലോചിക്കാനാണ് നെതന്യാഹു വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം.

യുഎന്‍ പ്രതിനിധിയെ പുറത്താക്കിയേക്കും

ഐക്യരാഷ്ട്രസഭയുടെ വിവിധ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും പണം നല്‍കുന്നത് ഇസ്രായേല്‍ നിര്‍ത്തി വയ്ക്കും. ഇസ്രായേലിലെ യുഎന്‍ പ്രതിനിധിയെ പുറത്താക്കിയേക്കും. രക്ഷാസമിതിയുടെ തീരുമാനം നാണക്കേടുണ്ടാക്കുന്നതാണ്. പ്രമേയം റദ്ദാക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

രക്ഷക്ക് അമേരിക്കയുമെത്തിയില്ല

ഈജിപ്താണ് ആദ്യം പ്രമേയം തയ്യാറാക്കിയതെങ്കിലും ഇസ്രായേല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് തടയുകയായിരുന്നു. എന്നാല്‍, മലേഷ്യയും ന്യൂസിലാന്റും സെനഗലും വെനസ്വേലയും ചേര്‍ന്ന് പിന്നീട് ഇതേ പ്രമേയം രക്ഷാസമിതിയില്‍ കൊണ്ടുവന്നു. സമിതിയില്‍ വോട്ട് രേഖപ്പെടുത്തിയ എല്ലാ അംഗങ്ങളും പ്രമേയം അനുകൂലിച്ചത് ഇസ്രായേലിനേറ്റ കനത്ത അടിയാണ്. മുമ്പ് സമാനമായ സാഹചര്യമുണ്ടായിരുന്നപ്പോള്‍ ഇസ്രായേലിന്റെ രക്ഷക്കെത്തിയിരുന്നത് അമേരിക്കയാണ്. എന്നാല്‍ ഇത്തവണ അമേരിക്കന്‍ പ്രതിനിധി വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.

ജൂത കുടിയേറ്റ നിര്‍മാണം നിയമലംഘനം

ഫലസ്തീന്‍ ഭൂമിയിലെ ജൂത കുടിയേറ്റ നിര്‍മാണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഇസ്രായേലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ദ്വിരാഷ്ട്ര പരിഹാരം എന്ന ഫോര്‍മുല പോലും ലക്ഷ്യത്തിലെത്താന്‍ സാധിക്കാത്തത് ഇസ്രായേലിന്റെ ഈ നടപടി മൂലമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

സെനഗലിന് ഇനി പണിമില്ല

സംഭവത്തില്‍ പ്രതിഷേധിച്ച് ന്യുസിലാന്റിലെയും സെനഗലിലെയും അംബാസഡര്‍മാരെ ഇസ്രായേല്‍ തിരിച്ചുവിളിച്ചു. സെനഗലിന് നല്‍കി വരുന്ന എല്ലാ സഹായങ്ങളും നിര്‍ത്താനും ഇസ്രായേല്‍ തീരുമാനിച്ചു. മലേഷ്യയുമായും വെനസ്വേലയുമായും ഇസ്രായേലിന് നയതന്ത്ര ബന്ധമില്ല. ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്‌നം ഇനി രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രായേല്‍ സൈന്യം പാലസ്തീന്‍ വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്താനും കുടിയേറ്റ നിര്‍മാണം വ്യാപകമാക്കാനും സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. പ്രമേയം വ്യക്തമാക്കുന്നത് യാഥാര്‍ഥ്യങ്ങളാണെന്ന് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി സാമന്ത പവര്‍ പ്രതികരിച്ചു. കുടിയേറ്റ നിര്‍മാണം വ്യാപിപ്പിക്കുമ്പോള്‍ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാവുക എന്നത് ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Israeli Prime Minister Benjamin Netanyahu has said Israel will re-assess its ties with the United Nations. The move comes after the Security Council adopted a resolution demanding an end to Israeli settlement building on occupied land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X