പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കുന്നു; സിറിയന്‍ വിമാനത്താവളങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍
ദമസ്‌കസ്: പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നു. ഗാസയില്‍ ആക്രമണം നടത്തുന്നതിന് പുറമെ ലബ്‌നാനിലും ആക്രമണം തുടരുന്ന ഇസ്രായേല്‍ ഏറ്റവും ഒടുവില്‍ സിറിയയിലെ വിമാനത്താവളങ്ങള്‍ ആക്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. സിറിയയുടെ തലസ്ഥാനമായ ദമസ്‌കസിലെയും പ്രധാന നഗരമായ ആലപ്പോ (ഹലബ്) യിലെയും വിമാനത്താവളങ്ങളാണ് ആക്രമിച്ചത്.
സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളാണ് ദമസ്‌കസിലെതും ആലപ്പോയിലേതും. മിസൈല്‍ ആക്രമണം ഉണ്ടായതോടെ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയന്‍ സര്‍ക്കാര്‍ ടെലിവിഷനാണ് ആക്രമണമുണ്ടായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായിട്ടാണ് ഇത്രയും ശക്തമായ ആക്രമണം സിറിയയില്‍ ഇസ്രായേല്‍ നടത്തുന്നത്.

മിസൈല്‍ ആക്രമണം നടന്ന പിന്നാലെ സിറിയയിലെ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കി. സിറിയിയല്‍ നിന്നുള്ളതും സിറിയയിലേക്കുള്ളതുമായ എല്ലാ വിമാനങ്ങളും സര്‍വീസ് നിര്‍ത്തി. ഹമാസ്-ഇസ്രായേല്‍ യുദ്ധം തുടരുന്ന ആറാം ദിവസമാണ് സിറിയയിലേക്കും യുദ്ധം വ്യാപിക്കുന്നത്. ഇത് പശ്ചിമേഷ്യയിലാകെ ഭീതി പരത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ ശക്തമായ സൈനിക ശേഷിയുള്ള രാജ്യങ്ങളിലൊന്നാണ് സിറിയ. പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഷിയാ വിഭാഗക്കാരനാണ്. അതുകൊണ്ടുതന്നെ ഇറാന്റെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. മാത്രമല്ല, റഷ്യയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അസദ്. അമേരിക്ക ഇസ്രായേല്‍ ഭാഗത്ത് നിലയുറപ്പിച്ച പിന്നാലെ റഷ്യ സിറിയയുടെ പക്ഷത്ത് എത്തിയാല്‍ സാഹചര്യങ്ങള്‍ കൈവിട്ടേക്കും.
കഴിഞ്ഞ 12 വര്‍ഷമായി ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യമാണ് സിറിയ. അസദിന്റെ എതിരാളികളെയാണ് സൗദി അറേബ്യ പിന്തുണച്ചിരുന്നത്. ഇറാന്‍ അസദിന്റെ ഭാഗത്തും നിന്നു. അറബ് ലീഗില്‍ നിന്ന് സിറിയയെ പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ആഭ്യന്തര യുദ്ധം തുടുരുന്നുണ്ട്. അതിനിടെയാണ് ഇസ്രായേല്‍ ആക്രമണം. അടുത്തിടെ സൗദി സിറിയയുമായി സൗഹൃദം പുനഃസ്ഥാപിക്കുകയും അസദിനെ അറബ് ലീഗ് യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇന്ന് ടെല്‍ അവീവിലെത്തി. ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം നാളെ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കാണും. ജോര്‍ദാനില്‍ വച്ചാകും അബ്ബാസുമായുള്ള കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കാന്‍ അറബ് രാജ്യങ്ങള്‍ ശ്രമിച്ചുവരവെയാണ് സിറിയക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇസ്രായേലിനെതിരെ ആക്രമണം നടത്തരുത് എന്ന് സിറിയയോട് യുഎഇയും യുഎസും ആവശ്യപ്പെട്ടിരുന്നു. എങ്കിലും കഴിഞ്ഞ ദിവസം സിറിയയില്‍ നിന്ന് മിസൈല്‍ ആക്രമണമുണ്ടായി എന്ന് ഇസ്രായേല്‍ അറിയിച്ചു. ഉടനെ ഇസ്രായേല്‍ തിരിച്ചടിക്കുകയും ചെയ്തു. എന്നാല്‍ തലസ്ഥാനത്തെ ലക്ഷ്യമിട്ട് ഇന്നുണ്ടായ പുതിയ ആക്രമണം മേഖലയിലെ യുദ്ധ സാഹചര്യം മാറ്റിമറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications