'ഇസ്രായേൽ-യുക്രൈൻ പിന്തുണ യുഎസ് സുരക്ഷയ്ക്ക് അനിവാര്യം';കോൺഗ്രസിനോട് 100 ബില്യൺ ഡോളർ ആവശ്യപ്പെട്ട് ബൈഡൻ
യുഎസിന് അടിയന്തര ധനസഹായമായി 100 ബില്യൺ ഡോളർ അനുവദിക്കണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിച്ച് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നതിന് വേണ്ടി കൂടിയാണ് സഹായം എന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളികളിൽ നിന്ന് പിൻമാറുന്നത് അമേരിക്കയ്ക്കും ലോകത്തിനുമുള്ള ഭീഷണി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി ഓവൽ ഓഫിസിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ.
'അമേരിക്കൻ നേതൃത്വമാണ് ലോകത്തെ തന്നെ ഒന്നിച്ച് നിർത്തുന്നത്.എന്നാൽ നമ്മുടെ സഖ്യങ്ങളാണ് നമ്മെ സുരക്ഷിതരാക്കുന്നത്. മറ്റ് രാജ്യങ്ങളുമായി നമ്മൾ സഖ്യം തുടരുന്നതിന് കാരണം നമ്മുടെ മൂല്യങ്ങളാണ്. ഇസ്രായേലിനേയും യുക്രൈനേയും പിന്തുണയ്ക്കാതിരുന്നാൽ അത് നമ്മുടെ സുരക്ഷയെ ബാധിക്കും', ബൈഡൻ പറഞ്ഞു.

ഹമാസും പുടിനും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നവരാണെന്നും ബൈഡൻ വിമർശിച്ചു. അയൽപക്കത്തെ ജനാധിപത്യത്തെ പൂർണമായി ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇരുവരും',ബൈഡൻ പറഞ്ഞു. സഹായ പാക്കേജിന്റെ പകുതിയിലധികവും യുക്രൈനാണ് അനുവദിക്കുക. 14 ബില്യൺ ഡോളർ ഇസ്രായേലിനും 7 ബില്യൺ ഡോളർ ഇന്തോ-പസഫിക് മേഖലയ്ക്കും (പ്രത്യേകിച്ച് തായ്വാനും) ലഭിക്കും. അതേസമയം അനധികൃത കുടിയേറ്റം തടയാൻ കൂടുതൽ പണം അനുവദിക്കണമെന്ന ആവശ്യമാണ് റിപബ്ലിക്കൻ പാർട്ടി ഉയർത്തുന്നത്. ഇതിനായി 14 ബില്ല്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. അതേസമയം യുക്രൈനും ഇസ്രായേലും നൽകുന്ന സഹായം ഒരുമിച്ച് കാണക്കാക്കുന്നതിനേയും റിപബ്ലിക്കൻസ് എതിർക്കുന്നുണ്ട്.
കൂടുതൽ ആയുധങ്ങൾ ഇനി യുക്രൈനയിലേക്ക് അയക്കുകയോ അവർക്ക് സഹായം അധികമായി ചെയ്യുകയോ വേണ്ടെന്നാണ് റിപബ്ലിക്കൻ നിലപാട്. അടുത്ത കുറച്ച് മാസങ്ങൾക്കായി 24 ബില്ല്യൺ ബൈഡൻ ആവശ്യപ്പെട്ടെങ്കിലും റിപബ്ലിക്കൻസ് അത് അംഗീകരിച്ചിരുന്നില്ല. റഷ്യൻ അധിനിവേശത്തിനുശേഷം വാഷിംഗ്ടൺ ഇതിനകം 100 ബില്യൺ ഡോളറിലധികം യുക്രൈന് നൽകിയിട്ടുണ്ട്.
എന്നാൽ യുക്രെയിനിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ യുഎസ് പുടിനെ അനുവദിച്ചാൽ, അക്രമികൾ ലോകമെമ്പാടും ഇത് ചെയ്യാൻ ധൈര്യപ്പെടുമെന്നും ബൈഡൻ പറഞ്ഞു. ഇൻഡോ-പസഫിക് ഉൾപ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രത്യേകിച്ച് മധ്യേഷ്യയിലും സംഘർഷത്തിന്റെയും അരാജകത്വത്തിന്റെയും അപകടസാധ്യത വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്‌നിലെ അധികാരത്തിനും നിയന്ത്രണത്തിനുമുള്ള പുടിൻ്റെ വിശപ്പ് ഞങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, അദ്ദേഹം സ്വയം ഒതുങ്ങില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications