ഇസ്രായേൽ ആക്രമണം; ഇറാന്റെ ആണവായുധ പരീക്ഷണ കേന്ദ്രം പൂർണമായി തകർന്നതായി റിപ്പോർട്ട്
ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ ആണവായുധ പരീക്ഷണകേന്ദ്രം പൂർണമായും തകർന്നതായി റിപ്പോർട്ട്. ഒക്ടോബർ അവസാനമാണ് പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന പരീക്ഷണകേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയത്.തലേഗാൻ 2 സംവിധാനമായിരുന്നു പ്രധാന ലക്ഷ്യം. ആണവായുധ ഗവേഷണം പുനരുജ്ജീവിപ്പിക്കാനുള്ള ഇറാന്റെ നീക്കങ്ങളാണ് ഇതോടെ തകർന്നതെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. കുറച്ച് നാളുകളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന ഇവിടെ കഴിഞ്ഞ വർഷം മുതലാണ് ഇറാൻ തങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
ആണവായുധത്തിൽ യുറേനിയത്തെ ചുറ്റിപ്പറ്റിയുള്ള പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കൾ രൂപകൽപ്പന ചെയ്യാൻ ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങളാണ് ആക്രമണത്തിൽ തകർന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ആണവായുധങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളൊന്നും തങ്ങൾ നടത്തുകയോ പ്രോത്സാഹപ്പിക്കുകയോ ചെയ്യുന്നില്ലെന്നാണ് ആക്രമണവാർത്തയോട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പ്രതികരിച്ചത്. എന്നാൽ ഇസ്രായേലും യുഎസും പറയുന്നത് മറ്റൊന്നാണ്.

ഇറാന്റെ അമദ് ആണവായുധ പദ്ധതിയുടെ ഭാഗമായിരുന്നു തലേഗാൻ 2 സംവിധാനം. 2003 ൽ ഇറാൻ ഇതിന്റെ പ്രവർത്തികൾ നിർത്തിവെച്ചിരുന്നു. എന്നാൽ സമീപകാലത്ത് വീണ്ടും ഇതിന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ഇറാൻ ആരംഭിച്ചു. ഉപഗ്രഹ ചിത്രങ്ങളും ഇത് സ്ഥിരീകരിക്കുന്നുണ്ട്. ഇത്തരത്തിൽ സംശയാസ്പദമായ രീതിയിലുള്ള നടപടികൾക്കെതിരെ നേരത്തേ യുഎസ് ഇറാന് താക്കീത് നൽകിയിരുന്നു. എന്നാൽ ഇറാൻ ഇതിന് ചെവികൊടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
അതേസമയം യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നതോടെ ഇറാനെതിരായ നടപടികൾ കൂടുതൽ കടുപ്പിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനെതിരെ ഉപരോധം അടക്കമുള്ള നടപടികളിലേക്ക് യുഎസ് കടന്നേക്കും. അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഇറാന്റെ നിസഹകരണത്തിനെതിരെ പ്രമേയം പാസാക്കിയേക്കും. ഇറാന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമല്ല തെലഗാൻ 2 അടക്കമുള്ള പദ്ധതികൾ. ഉടമ്പടിയോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്ന നടപടിയാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന വിലയിരുത്തലുകളും ഉണ്ട്.
അതേസമയം ആണവ കേന്ദ്രത്തിന് നേർക്കുണ്ടായ ആക്രമണം ഇസ്രായേൽ-ഇറാൻ സംഘർഷം കൂടുതൽ ശക്തമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. മധ്യേഷ്യയിൽ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് ഇത് നയിച്ചേക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി ചർച്ചയ്ക്ക് ഇറാൻ തയ്യാറാകുമോ അതോ ആണവ പദ്ധതിയുമായി ഇറാൻ മുന്നോട്ട് പോകുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ഇറാൻ ഏത് രീതിയിലുള്ള പ്രത്യാക്രമണത്തിനായിരിക്കും തയ്യാറെടുക്കുകയെന്നും ലോകം ഉറ്റുനോക്കുന്നുണ്ട്.












Click it and Unblock the Notifications