ജൂതനും അറബും ഷെയര്‍ ചെയ്തു കഴിച്ചാല്‍ ഹമ്മസിന് പകുതി വില
നെതന്യ: ഇസ്രായേലും പാലസ്തീനും തമ്മില്‍ വര്‍ഷങ്ങളായി കടുത്ത ശത്രുതയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്തകളില്ലാത്ത ദിവസങ്ങള്‍ അപൂര്‍വമാണെന്നുവരെ വേണമെങ്കില്‍ പറയാം. ഇത്തരമൊരു ആജന്മ ശത്രുതയില്‍ കഴിയുമ്പോഴും ഇരു രാജ്യത്തെയും ജനങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇസ്രായേലി പട്ടണമായ നെതന്യയിലെ ഒരു റെസ്റ്റൊറന്റ്.
ഇസ്രായേലികളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നായ ഹമ്മസ് പകുതി വിലയ്ക്ക് ഓഫര്‍ ചെയ്തുകൊണ്ടാണ് റെസ്റ്റൊറന്റ് ഉടമ മനുഷ്യസ്‌നേഹം പ്രകടിപ്പിക്കുന്നത്. എന്നാല്‍, ജൂതനും അറബും ഭക്ഷണം ഷെയര്‍ ചെയ്ത് കഴിച്ചാല്‍ മാത്രമേ ഓഫര്‍ ലഭ്യമാകൂ എന്നുമാത്രം. അതായത്, ഒരുതവണ ഹമ്മസ് ഷെയര്‍ ചെയ്തുകഴിക്കുമ്പോഴേക്കും ഇരുവര്‍ക്കുമിടയില്‍ ഒരു പാരസ്പര്യം ഉയര്‍ന്നുവരുമെന്ന് റെസ്റ്റൊറന്റ് കരുതുന്നു.

തങ്ങള്‍ അറബുകള്‍ക്കോ ജൂതന്മാര്‍ക്കോ വേണ്ടിയല്ല, മനുഷ്യത്വത്തിനുവേണ്ടിയാണ് ഇത്തരമൊരു കാര്യം ചെയ്യുന്നതെന്ന് ഹമ്മസ് ബാറിന്റെ ഉടമ പറയുന്നു. ഒക്ടോബര്‍ 13ന് ഓഫര്‍ മുന്നോട്ടു വെക്കുമ്പോള്‍ ഏതു തരത്തിലായിരിക്കും ജനങ്ങളുടെ പ്രതികരണം എന്നതില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും അതിശയിപ്പിക്കുന്നതാണ് പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു.
ഒട്ടേറെപേര്‍ ഇതിനകം തന്നെ ഓഫര്‍ സ്വീകരിച്ചു കഴിഞ്ഞു. ജൂതനും അറബും ഹമ്മസ് ഷെയര്‍ ചെയ്തു കഴിക്കുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് റെസ്‌റ്റൊറന്റ് ഉടമ പറയുന്നു. അതിര്‍ത്തിയില്‍ എല്ലായിപ്പോഴും സംഘര്‍ഷാവസ്ഥ തുടരുമ്പോഴും ഇരു രാജ്യങ്ങളും തമ്മില്‍ സ്‌നേഹത്തോടെ സഹവസിക്കണമെന്ന് കരുതുന്നവരാണെന്ന് ഹമ്മസ് ഓഫര്‍ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications