ഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയില്‍; ആ ഖ്യാതി നഫ്താലി ബെന്നറ്റിന്... ഇറാന്‍ മുഖ്യ ചര്‍ച്ച
ദുബായ്: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യുഎഇയില്‍. യുഎഇ സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് ബെന്നറ്റ്. യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്താനാണ് ബെന്നറ്റിന്റെ വരവ്. ഇരുരാജ്യങ്ങളും കഴിഞ്ഞ വര്‍ഷമാണ് സൗഹൃദം സ്ഥാപിച്ചത്. തിങ്കളാഴ്ച ഇരുനേതാക്കളും നടത്തുന്ന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സൗഹൃദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സാമ്പത്തിക-പ്രാദേശിക രാഷ്ട്രീയ കാര്യങ്ങള്‍ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചകളാണ് യുഎഇ-ഇസ്രായേല്‍ ബന്ധം സ്ഥാപിക്കാന്‍ കാരണം. തുടര്‍ന്ന് ഇരുരാജ്യങ്ങളും അമേരിക്കയുടെ മധ്യസ്ഥതയില്‍ അബ്രഹാം അക്കോര്‍ഡ് ഒപ്പുവയ്ക്കുകയായിരുന്നു. ഇരുരാജ്യങ്ങളും വളരെ അടുത്ത സൗഹൃദമാണിപ്പോള്‍. നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് നിരവധി കരാറുകള്‍ ഒപ്പുവച്ചു. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്താനും തീരുമാനിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ച ആദ്യ രാഷ്ട്രമാണ് യുഎഇ. പിന്നീട് ബഹ്‌റൈനും ബന്ധം സ്ഥാപിച്ചു. മുസ്ലിം രാജ്യങ്ങളില്‍ നേരത്തെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത് ഈജിപ്തും ജോര്‍ദാനും മാത്രമായിരുന്നു. ഇപ്പോള്‍ സുഡാനും മൊറോക്കോയുമെല്ലാം ഈ പട്ടികയിലുണ്ട്. സൗദി അറേബ്യ ഇസ്രായേലുമായി സഹകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഇക്കാര്യം നിഷേധിക്കുകയാണ് സൗദി ചെയ്തത്.
എന്തിന് പ്ലാസ്റ്റിക് സര്‍ജറി!! ആ ഭംഗിക്ക് പൊട്ടും കണ്‍മഷിയും തന്നെ ധാരാളം... വൈറല്‍
മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിക്കുക എന്നതാണ് യുഎഇയുടെ നയം. ഖത്തറുമായുള്ള തര്‍ക്കം പരിഹരിക്കുകയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തതോടെ ഇറാനുമായി യുഎഇ ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇസ്രായേലുമായി കൊമ്പുകോര്‍ക്കുന്ന രാജ്യമാണ് ഇറാന്‍.
ഇറാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇസ്രായേല്‍ നടത്തുന്ന നീക്കം ഏറെകുറെ വിജയമാണ്. അതിനിടെയാണ് യുഎഇ ചര്‍ച്ച ആരംഭിക്കുമെന്ന വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഇറാന്റെ ആണവ പദ്ധതി തടയാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്. ഇറാനുമായി വീണ്ടും അമേരിക്ക ആണവ കരാറിലെത്തുമെന്നാണ് വാര്‍ത്തകള്‍. ഇത് തടയാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. ഇറാന്‍ ആണവ പദ്ധതി നഫ്താലി ബെന്നറ്റ്-ശൈഖ് മുഹമ്മദ് ചര്‍ച്ചയില്‍ പ്രധാന വിഷയമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഇറാനുമായി അമേരിക്ക ആണവ കരാറില്‍ എത്തുകയും ഇറാനെതിരായ ഉപരോധം പിന്‍വലിക്കുകയും ചെയ്തിരുന്നു. ട്രംപ് എത്തിയതോടെ ഉപരോധം പുനസ്ഥാപിക്കുകയും കരാറില്‍ നിന്ന് പിന്മാറുകയും ചെയ്തു. ബൈഡന്റെ അടുത്ത നീക്കമെന്ത് എന്നറിയാന്‍ ലോകം കാത്തിരിക്കുകയാണ്.












Click it and Unblock the Notifications