ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്? ട്രംപിനെ 'മെരുക്കാന്‍' മോദിക്ക് ചില ഉപദേശങ്ങള്‍ നല്‍കും: നെതന്യാഹു
ടെല്‍ അവീവ്: താരിഫ് വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയും യുഎസും തമ്മിലുള്ളത് വളരെ ദൃഢമായ ബന്ധമാണെന്നും താരിഫ് പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും പൊതുവായ നിലപാട് സ്വീകരിക്കണമെന്നും ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇടപെടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചില ഉപദേശങ്ങള്‍ നല്‍കുമെന്ന് നെതന്യാഹു തമാശരൂപേണ പറഞ്ഞു. മോദിയും ട്രംപും തന്റെ ഉറ്റ സുഹൃത്തുക്കളായതിനാല്‍ അത് സ്വകാര്യമായി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു തവണയായി ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയും യുഎസും തമ്മിലുള്ള ഭിന്നത വര്‍ധിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ആദ്യം ഇന്ത്യയ്ക്കു മേല്‍ അമേരിക്ക 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതാണ് താരിഫ് 50 ശതമാനമായി വീണ്ടും ഉയര്‍ത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. ഇന്ത്യയുമായും അമേരിക്കയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് ഇസ്രായേല്‍. ഗാസ യുദ്ധത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് അമേരിക്കയാണ്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്. ഇന്ത്യയും യുഎസും ഒരു പൊതു താല്‍പര്യത്തിലെത്തുകയും അതിലൂടെ തീരുവ പ്രശ്‌നം പരിഹരിക്കുകയും ചെയ്യണം. ഇരു രാജ്യങ്ങളും ഞങ്ങളുടെ സുഹൃത്തുക്കളായതിനാല്‍ തര്‍ക്കം അവസാനിപ്പിക്കുന്നതാണ് ഇസ്രായേലിനും നല്ലത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഉടന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പങ്കുവെച്ചു. എനിക്ക് ഇന്ത്യയിലേക്ക് വരണം. എനിക്ക് ഇന്ത്യയെ മിസ് ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
അമേരിക്ക-ഇന്ത്യ തീരുവ തര്‍ക്കത്തില്‍ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായ മറുപടി നല്‍കിയിരുന്നു. അമേരിക്കയുടെ അപ്രതീക്ഷിത നടപടി അന്യായവും ന്യായീകരിക്കാനാവാത്തതുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.












Click it and Unblock the Notifications