ലെബനനിൽ ഇസ്രായേലിന്റെ കരയുദ്ധം; സിറിയയിലും ആക്രമണം, തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള
ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെ കൊലപ്പെടുത്തിയതിന് പിന്നാലെ ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രായേൽ. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണം. അതിർത്തി പ്രദേശങ്ങളിലെ വടക്കൻ ഇസ്രായേലിന് ഭീഷണിയായ പ്രദേശങ്ങളാണ് ഇവയെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ബെയ്റൂട്ടിലെ തെക്ക് ഭാഗത്ത് ഉള്ളവർക്ക് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ നിർദ്ദേശം നൽകിയിരുന്നു. ഭീകരസംഘമായ ഹിസ്ബുള്ള കേന്ദ്രങ്ങളിലാണ് നിങ്ങൾ കഴിയുന്നതെന്നും സ്വന്തം സുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് ഒഴിയണമെന്നായിരുന്നു നിർദേശം. ഇതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്. മേഖലയിൽ ആറ് ആക്രമണങ്ങളെങ്കിലും നടത്തിയതായി ലെബനീസ് അധികൃതർ പറഞ്ഞു. തെക്കൻ ലെബനനിലെ ഒരു പലസ്തീൻ ക്യാമ്പും ആക്രമണത്തിൽ തകർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം ഇസ്രായേൽ കരയുദ്ധം തുടങ്ങിയാൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള നേതാവ് നാസിം ഖാസേം കഴിഞ്ഞ ദിവസം അറിയിച്ചു. ലെബനൻ അതിർത്തിക്കടുത്തുള്ള തോട്ടങ്ങളിൽ ഇസ്രായേൽ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും സംഘം പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ കരയുദ്ധത്തിൽ നിന്നും പിൻമാറണമെന്ന് എൻ ജനറൽ സെക്രട്ടറിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. എന്നാൽ കൂടുതൽ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് നീങ്ങുകളാണ് ഇസ്രായേൽ.
നസ്രല്ലയെ വകവരുത്തുകയായിരുന്നു പ്രധാന ലക്ഷ്യമെങ്കിലും അതൊരിക്കലും അവസാന ലക്ഷ്യമല്ല എന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചത്. സാധ്യമായതെല്ലാം ലെബനനിൽ ചെയ്യുമെന്നും യോവ് ഗാലന്റ് പറഞ്ഞു. കരയിലൂടെ കടലിലൂടെയും ആകാശമാർഗവും തങ്ങളുടെ ലക്ഷ്യം നേടാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ദമാസ്കസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സിറിയൻ ഗോലൻ ഭാഗത്ത് നിന്നാണ് ഇസ്രായേലിന്റെ യുദ്ധവിമാനങ്ങളും ഡ്രോണുകളും പതിക്കുന്നതെന്നും ദമാസ്കസിലെ നിരവധി മേഖലകൾ ലക്ഷ്യം വെച്ചതായും ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1500 ഓളം പേരാണ് ഇസ്രായേൽ ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഇക്കൂട്ടത്തിൽ പെടും. 5000ത്തോളം പേർ മേഖലയിൽ നിന്നും പലായനം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആയിരക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.












Click it and Unblock the Notifications