ഗാസയിലേക്ക് സഹായം എത്തില്ല: ഫ്ലോട്ടിലകള്‍ പിടിച്ചെടുത്ത് ഇസ്രായേല്‍; ഗ്രേറ്റ തൻബർഗ് കസ്റ്റഡിയില്‍
ഗാസയിലെ യുദ്ധബാധിതർക്ക് സഹായം എത്തിക്കാനായി പുറപ്പെട്ട 'ഗ്ലോബൽ സുമുദ് ഫ്ലോട്ടില' പിടിച്ചെടുത്ത് ഇസ്രയേൽ നാവികസേന. മെഡിറ്ററേനിയൻ കടലിൽ തീരത്ത് നിന്നും 70 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ഫ്ലോട്ടിലകള്‍ (ചെറുകപ്പലുകള്‍) ഇസ്രായേല്‍ നാവികസേന പിടിച്ചെടുത്തത്. സ്വീഡിഷ് കാലാവസ്ഥ ആക്ടിവിസ്റ്റ് ഗ്രേറ്റ തൻബർഗ് അടക്കമുള്ള മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകരെ തടങ്കലിലാക്കിയ സേന ഇവരെ ഇസ്രയേലിലേക്ക് കൊണ്ടുപോയി.
44 രാജ്യങ്ങളിൽ നിന്നുള്ള 44 കപ്പലുകളടങ്ങിയ ഫ്ലോട്ടിലയിൽ ഭക്ഷണം, മരുന്നുകൾ തുടങ്ങിയ സഹായ സാധനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇസ്രായേലിന്റെ നടപടിക്കെതിരെ ലോകമെമ്പാട് നിന്നും വലിയ വിമർശനമാണ് ഉയരുന്നത്. ഫ്ലോട്ടിലയുടെ സംഘാടകർ ഇസ്രയേലിന്റെ നടപടിയെ 'നിയമവിരുദ്ധമായ ആക്രമണം' എന്ന് വിശേഷിപ്പിച്ചപ്പോൾ, യുഎന്നും, തുർക്കി, കൊളംബിയ, ഐറലൻഡ് തുടങ്ങിയവർ ഇസ്രയേലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ലണ്ടന്‍ ഉള്‍പ്പെടേയുള്ള നഗരങ്ങളില്‍ വലിയ പ്രതിഷേധങ്ങളും അരങ്ങേറി.

ഇന്ന് പുലർച്ചെയോടെയാണ് ഇസ്രയേൽ നാവികസേന ഫ്ലോട്ടിലയെ തടഞ്ഞത്. 'അൽമ', 'സുറിയസ്', 'അഡാര' തുടങ്ങിയ ആറ് കപ്പലുകൾ ഇതുവരെ പിടിച്ചെടുത്തു. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം 39 കപ്പലുകൾ പിടിച്ചെടുത്തിട്ടണ്ട്. ആക്ടിവിസ്റ്റുകളുടെ കമ്മ്യൂണിക്കേഷന്‍ തടയാന്‍ കമ്മ്യൂണിക്കേഷൻ ജാമിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. നടപടിയുടെ ഏതാനും ദൃശ്യങ്ങള്‍ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ വീഡിയോയിൽ ഗ്രേറ്റ തൻബർഗിന് ഇസ്രയേൽ സൈനികർ വെള്ളവും ജാക്കറ്റും നൽകുന്നത് കാണാം.
2007-ൽ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഇസ്രയേൽ നടപ്പിലാക്കുന്ന കടൽ-ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ആവശ്യവസ്തുക്കളുമായി ഫ്ലോട്ടിലകള്‍ ഗാസ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. 2009 മുതൽ കർശനമായി നടപ്പിലാക്കുന്ന ഈ ഉപരോധം, ആയുധങ്ങൾ കടത്തുന്നത് തടയാൻ വേണ്ടിയാണെന്നാണ് ഇസ്രയേൽ വാദം. എന്നാല്‍ ഉപരോധം കാരണം ഗാസയിലെ 23 ലക്ഷം ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ പോലും ലഭിക്കുന്നില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
നേരത്തേയും സമാനമായ രീതിയില്‍ ഗാസയ്ക്ക് സഹായവുമായി ചെറുകപ്പലുകള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ 2010-ലെ 'മാവി മർമാര' സംഭവത്തിൽ 10 ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ കൊന്നുതള്ളുകയാണുണ്ടായത്. 2011, 2015, 2018 വർഷങ്ങളിലും ഫ്ലോട്ടിലകള്‍ പിടിച്ചെടുക്കപ്പെട്ടു. ഈ വർഷം ജൂണിലും ജൂലൈയിലും സമാനമായ ഫ്ലോട്ടിലകൾ ഇസ്രയേൽ തടഞ്ഞു.
ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയുടെ ഭാഗമായി 44 രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം ആക്ടിവിസ്റ്റുകളാണ് ഗാസ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. അമേരിക്കയിൽ നിന്നള്ള 24 പേർ, മുൻ സൈനികർ, നിയമനിർമാതാക്കൾ, അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകർ എന്നിവരും സംഘത്തില്‍ ഉൾപ്പെടുന്നു












Click it and Unblock the Notifications